അപ്പോള്‍ പഴയിടം ഉണ്ടാക്കിയ സാമ്പാറില്‍ പുഴുവില്ല. പക്ഷെ വിളമ്പിയ ഭക്ഷണത്തിലൊരു പുഴുവുണ്ട്. അതൊരു അധ്യാപകന്‍തന്നെ എഫ്ബി ലൈവൊക്കെയിട്ട് വിവാദമാക്കി. എന്നാലാ പുഴുവെവിടെ, നോക്കട്ടെയെന്ന് സംഘാടകര്‍ പറഞ്ഞപ്പോള്‍ കൊടുത്തില്ല, അതെടുത്ത് വെയ്സ്റ്റിലിട്ടു. അപ്പോള്‍ കുട്ടികള്‍ക്ക് നല്ലത് പറഞ്ഞുകൊടുക്കേണ്ട ആളുടെ ഉദ്ദേശ്യം വ്യക്തമായല്ലോ. അല്ലെങ്കില്‍ത്തന്നെ മണിക്കൂറുകള്‍ തിളയ്ക്കുന്ന സാമ്പാറിലെങ്ങനെയാണ് ജീവനുള്ള പുഴു? അപ്പോള്‍ പുറമെനിന്നൊരു പുഴു വന്നു, മിക്കവാറും ജയറാം–ശ്രീനിവാസന്‍ സിനിമയില്‍ ജയറാമിന്റെ കഥാപാത്രം ചെയ്തപോലെ. എന്തായിരുന്നു ലക്ഷ്യം? സ്കൂള്‍ കായികമേളയില്‍ ഭക്ഷണം പ്രശ്നമാണെന്ന് വരുത്താനോ? അതോ മേളയാകെ പ്രശ്നമാണെന്ന് വരുത്താനോ? ആരാണയാളെന്ന് അന്വേഷിച്ചപ്പോഴതാ ഉത്തരം പെരുമ്പാവൂരിലെ ഒരു കായികാധ്യാപകന്‍. 2020 തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മല്‍സരിച്ചയാള്‍. അപ്പോ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തെ മേള ഒരു കോണ്‍ഗ്രസുകാരന്‍തന്നെ കുളമാക്കുന്നോ എന്നായി. അപ്പോഴതാ കേള്‍ക്കുന്നു, 2022ല്‍ ഇയാള്‍ ഡിവൈഎഫ്ഐയില്‍ ചേര്‍ന്നത്രേ. കുട്ടികള്‍ കഴിച്ച ഭക്ഷണത്തില്‍ കുഴപ്പമില്ലെങ്കിലും വിവാദം അവിടെ സ്റ്റോപ്പിടുന്നില്ല. എല്‍ഡിഎഫ് കാലത്ത് പുട്ടും പഴവും ആയിരുന്നെങ്കില്‍ യുഡിഎഫ് കാലത്തത് പുട്ടും പുഴുവുമാണെന്ന് മുന്‍ മന്ത്രിമാര്‍തന്നെ ആക്ഷേപവുമായെത്തി. സര്‍ക്കാരിന്റെ പരിപാടികള്‍ നശിപ്പിക്കാന്‍ മുന്നില്‍നില്‍ക്കുന്നത് കോണ്‍ഗ്രസുകാര്‍തന്നെയാണെന്ന് പറവൂരില്‍ ഫ്യൂസ് ഓരിയത് കോണ്‍ഗ്രസുകാരനെന്ന് ഓര്‍മിപ്പിച്ച് മറ്റൊരു മുന്‍മന്ത്രി. അപ്പോള്‍ എന്തായിരുന്നു ആ പുഴു പൊളിറ്റിക്സിന്റെ ലക്ഷ്യം?