അച്ഛന്റെ വേർപാടിന്റെ വേദനയിൽ നിന്ന് ഉത്തര ഇനിയും മുക്തയായിട്ടില്ല. അച്ഛന്റെ ആഗ്രഹങ്ങൾ ബാക്കിയാക്കാതിരിക്കാൻ, മരണാനന്തരച്ചടങ്ങുകൾക്ക് പിന്നാലെ കായികമേളയുടെ ത്രോ ഏരിയയിലേക്ക് ഓടിയെത്തിയിരിക്കുകയാണ് മകൾ. കാസർകോട് ജില്ലാ കായികമേളയിൽ രണ്ട് സ്വർണം നേടിയാണ് ഉത്തര സംസ്ഥാന കായികമേളയിലേക്ക് എത്തിയത്.
അച്ഛൻ കാണാൻ ഏറ്റവും ആഗ്രഹിച്ച മത്സരം... അച്ഛന്റെ കൈപിടിച്ച് കായികലോകത്തേക്ക് നടന്നുകയറിയ മകൾക്ക് അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കാൻ ആയില്ല. ഒരുമാസം മുൻപാണ് കടബാധ്യതയെ തുടർന്ന് ഉത്തരയുടെ അച്ഛൻ എൻ.ഡി. അശോകൻ ജീവനൊടുക്കിയത്. കുടുംബത്തിന്റെ തീരാവേദനയ്ക്കിടയിലും ഉത്തരയ്ക്ക് കായികമേള ഉപേക്ഷിക്കാൻ തോന്നിയില്ല. അച്ഛന്റെ അടിയന്തരച്ചടങ്ങുകൾ പൂർത്തിയാകും മുൻപേ അവൾ കാസർകോട് ജില്ലാ കായികമേളയ്ക്കെത്തി. രണ്ട് സ്വർണം നേടി അച്ഛന്റെ സ്വപനം യാഥാർഥ്യമാക്കി. അതിന് പിന്നാലെ സംസ്ഥാന കായിക മേളയിലേക്കും. എന്നാൽ, മെഡൽ ഒന്നും നേടാനായില്ല.
ഉത്തരയുടെ സ്വപ്നം ചെറുതല്ല. ഒരുനാൾ രാജ്യത്തിനായി മത്സരിക്കുന്ന, കായികതാരമായി വളരണം. ആ സ്വപ്നം കാണാൻ പഠിപ്പിച്ചതും മാറ്റാരുമല്ല. സ്വന്തം അച്ഛൻ തന്നെ. ആ സ്വപ്നത്തിലേക്കുള്ള വഴിയിൽ ഇന്ന് അച്ഛനില്ലെങ്കിലും അച്ഛൻ പകർന്നുതന്ന പാഠങ്ങളുണ്ട്. കണ്ട സ്വപ്നങ്ങളുണ്ട്. ആ സ്വപ്നവും നെഞ്ചിലേറ്റി ഉത്തര പറയുന്നു. അച്ഛാ ഈ വിജയം നിങ്ങൾക്ക് ഉള്ളതാണ്. നിങ്ങൾക്ക് മാത്രമുള്ളതാണ്.