പൊതുഭരണ വകുപ്പ് ഇറക്കിയ ഒരു അസാധാരണ ഗസറ്റ് വിജ്ഞാപനം ഗൗരവമായ ചര്‍ച്ച ആവശ്യമായ ചില സംശയങ്ങള്‍ ഉയര്‍ത്തിയിട്ടും പ്രതിപക്ഷം അത് ഉന്നയിക്കാത്തത് എന്തുകൊണ്ടാകും? വൈകിട്ട് അഞ്ചിന് ഇങ്ങനെയൊരു ഇന്‍ട്രോ എഴുതിത്തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ ആറുമണിയോടെ പ്രതിപക്ഷനേതാവിന്റെ വാര്‍ത്താക്കുറിപ്പ് വന്നു. കടുത്ത ഭാഷയില്‍ തന്നെ വിഡി സതീശന്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പിണറായി വിജയന്‍ ചോദിക്കുന്നു, ഭരണത്തണലിലെ അഴിമതികള്‍ മറയ്ക്കാനാണോ നീക്കമെന്ന്. അതിന് എഐസിസിയുടെ മൗനാനുവാദമുണ്ടോയെന്ന്. കാര്യമിതാണ്. വിജിലന്‍സ് അന്വേഷണത്തിലുള്ള കേസുകളിലെ വിവരങ്ങള്‍ പുറത്തുപോകുന്നത് തടയുംവിധം രണ്ട് സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താക്കി. ഈ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി പൊതുജനത്തിന് കിട്ടില്ല എന്നര്‍ഥം. 2006ല്‍ത്തന്നെ ഈ വിഭാഗങ്ങള്‍ നിയമത്തിന് പുറത്തായിരുന്നു എങ്കിലും പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവയെ നിയമത്തിന് കീഴിലാക്കി, അതായത് ചോദിച്ചാല്‍ വിവരം കിട്ടുന്ന തരത്തിലാക്കി. അതിപ്പോള്‍ വീണ്ടും യുഡിഎഫ് സര്‍ക്കാര്‍ ആര്‍ടിഐ നിയമത്തിന് പുറത്താക്കുന്നതിലെ താല്‍പര്യമെന്താകും? മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം അന്വേഷണ പരിധിയില്‍വന്നാല്‍ അത്തരം വിവരം ജനങ്ങള്‍ക്ക് നിഷേധിക്കുമെന്നതാണ് ആശങ്ക അല്ലെങ്കില്‍ സംശയം. സര്‍ക്കാരിന്റെ ഉദ്ദേശ്യം ശുദ്ധമാണോ? തങ്ങള്‍ അധികാരത്തിലിരിക്കെ ചെയ്ത ഒന്ന് യുഡിഎഫ് വന്ന് തിരുത്തിയിട്ടും എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നൊരു പ്രതികരണത്തിന് ഇത്രയും സമയമെടുത്തത് എന്തുകൊണ്ടാകും? സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ ആദ്യമെത്തി പ്രതികരിക്കാറുള്ള മുന്‍മന്ത്രിമാരടക്കമുള്ളവരെ ഇന്നലെയോ ഇന്നോ കണ്ടില്ല. സര്‍ക്കാര്‍ നീക്കം ചിലത് മറയ്ക്കാനോ എന്ന് സംശയിക്കുമ്പോള്‍, ഓര്‍ക്കണം ആ സംവിധാനം ഏറ്റവുമൊടുവിലെടുത്ത കേസുകളിലൊന്ന് പിണറായി പ്രതിയായ ഒന്നാണ്. പിണറായി വാര്‍ത്താക്കുറിപ്പുമായി എത്തുംവരെ ഒരു പ്രതികരണവും സിപിഎമ്മില്‍നിന്ന് ഉണ്ടാകാഞ്ഞത് അതുകൊണ്ടാണോ? ഉത്തരം ആവശ്യമാണ്. പക്ഷെ ഒന്നാം നമ്പര്‍ ചോദ്യം സര്‍ക്കാരിനോടുതന്നെയാണ്. ഇടതുസര്‍ക്കാര്‍ കാലത്തെ വിവാദങ്ങളിലൊക്കെ എസ്ഐടികള്‍ രൂപീകരിച്ച് അന്വേഷിക്കുന്ന സര്‍ക്കാരിന് ആരെ സംരക്ഷിക്കാനാണ് ഈ നീക്കം?