മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യത്താകെ പ്രക്ഷോഭം ശക്തിപ്പെടുമ്പോഴാണ് കേരളത്തിൽ ബിജെപിയുടെ ബദൽ സമരം. ഗ്യാനേഷ്കുമാറിനെതിരായ സമരത്തിൻറെ ഭാഗമായി അമിത്ഷായ്ക്ക് നേരെ കൊല്ലത്ത് കരിങ്കൊടി കാണിച്ച യൂത്ത്കോൺഗ്രസുകാർക്ക് കേരളമാകെ യുവമോർച്ചയുടെ മറുപടി കരിങ്കൊടി. ഡിവൈഎഫ്ഐ മോഡലിൽ യൂത്ത്കോൺഗ്രസ് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നില്ലെങ്കിലും പോലീസുകാർ കരിങ്കൊടിക്കാരെ ബലംപ്രയോഗിച്ച് നീക്കുന്നുണ്ട്. രാജ്യമാകെ ഉയരുന്ന പ്രതിഷേധത്തിൻറെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുന്നത് മഹാപരാധമാണോ? അതോ, ന്യായീകരിക്കാനാകാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണോ? സംസ്ഥാനത്തെ മന്ത്രിമാരെ കരിങ്കൊടി കാണിച്ച് കോൺഗ്രസിൻറെ നേതൃത്തിൽ നടക്കുന്ന സമരത്തെ റദ്ദുചെയ്യാനാകുമോ? മുഖ്യ തെരഞ്ഞെടുപ്പുകമ്മീഷണർക്കു വേണ്ടി ബിജെപിക്കാർ തെരുവിലിറങ്ങുന്നത് എന്തിനാണ്? ഇന്ത്യൻ എക്സ്പ്രസ് പുറത്തുകൊണ്ടുവന്ന വിവരങ്ങളെല്ലാം കമ്മീഷൻ പരോക്ഷമായി സമ്മതിച്ചിട്ടും തിരുത്തൽ പ്രഖ്യാപിച്ചിട്ടും ന്യായീകരണം തീർക്കുന്നവരുടെ ലക്ഷ്യമെന്താണ്? ഗ്യാനേഷ്കുമാർ ചെയ്തതെല്ലാം തങ്ങൾക്കുവേണ്ടിയാണെന്ന് അവരും സമ്മതിക്കുകയാണോ?