congress-protest-gyanesh-kumar

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യമുയര്‍ത്തി രാജ്യവ്യാപകമായി പ്രതിഷേധത്തിരയിളക്കി കോണ്‍ഗ്രസ്. ഡല്‍ഹിയിലെയും രാജസ്ഥാനിലെയും തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. രാജ്യത്തുടനീളം നിരവധി നേതാക്കളും യൂത്ത് കോണ്‍ഗ്രസ് എന്‍എസ്‌യു പ്രവര്‍ത്തകരും കസ്റ്റഡിയിലായി. ജനാധിപത്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണിതെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള രണ്ടാം ഘട്ട രാജ്യവ്യാപക സമരത്തിന്റെ ഭാഗമായി ഡിസിസികളുടെ നേതൃത്വത്തിൽ കലക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ച് പല സംസ്ഥാനങ്ങളിലും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഡൽഹി പിസിസിയുടെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള മാർച്ച് ആരംഭിച്ച ഉടന്‍ തടഞ്ഞ പൊലീസ്, ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധങ്ങളെ ഭയപ്പെടുന്നത് എന്തിനെന്നും ജനാധിപത്യം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണിതെന്നും കെ.സി.വേണുഗോപാൽ വിമര്‍ശിച്ചു.

മോദിയുടെ പാവയായി ഗ്യാനേഷ് കുമാറിനെ ചിത്രീകരിച്ചുള്ള ടാബ്ലോയും റാലിയില്‍ ഉണ്ടായിരുന്നു. ഗ്യാനേഷ് കുമാറിനെ ജനാധിപത്യത്തിന്റെ കശാപ്പുകാരനായി ചിത്രീകരിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. എന്‍എസ്‌യുവും സമാന മാര്‍ച്ച് നടത്തി. ഇരു കൂട്ടരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അതേസമയം, ജന്തര്‍മന്തറില്‍ ഒക്ടോബര്‍ ഒന്നിന് പ്രതിഷേധം നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ ടീം തീരുമാനിച്ചിട്ടുണ്ട്. പൊലീസ് ആവര്‍ത്തിച്ച് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. തുടർ സമരം തീരുമാനിക്കാൻ നാളെ കോൺഗ്രസ് പ്രവർത്തകസമിതിയും മറ്റന്നാള്‍ ഇന്ത്യ സഖ്യയോഗവും ചേരും.

ENGLISH SUMMARY:

The Congress party has launched a nationwide protest demanding the immediate resignation of Chief Election Commissioner Gyanesh Kumar, accusing the poll body of working in a biased manner. In several states, including Delhi and Rajasthan, party marches towards Election Commission offices and Collectorates escalated into clashes with police forces. A large number of Congress leaders alongside Youth Congress and NSUI workers were taken into custody during the agitation. Congress General Secretary K.C. Venugopal termed this movement as a "second freedom struggle to protect democracy" and alleged a larger conspiracy to subvert democratic principles.