സിപിഎം ചര്‍ച്ചചെയ്ത് വിലയിരുത്തി തയാറാക്കി പരസ്യപ്പെടുത്തിയ ഒരു രേഖയില്‍ പറഞ്ഞതിന് വിപരീതമായി പാര്‍ട്ടിയുടെ ഉന്നത നേതാവ് പറഞ്ഞുകൊണ്ടേയിരുന്നിട്ടും രണ്ടുമൊന്നാണ്, മാധ്യമവ്യാഖ്യാനമാണ് എന്ന് സിപിഎം വിശദീകരിക്കുന്നത് ആരെ പറ്റിക്കാനാണ്? പൊതുമധ്യത്തിലുള്ള രേഖയിലുള്ളത് വായിച്ച മനുഷ്യന്റെ, പാര്‍ട്ടി അണികളുടെ തന്നെ ബുദ്ധിയെയും ബോധത്തെയും ചോദ്യംചെയ്യുകയാണോ പാര്‍ട്ടി? തളിപ്പറമ്പിലും പയ്യന്നൂരിലും പാര്‍ട്ടി അണികള്‍ക്ക് തെറ്റിയെന്ന് പാര്‍ട്ടി അവലോകന റിപ്പോര്‍ട്ടില്‍ എവിടെയുമില്ല. രണ്ടിടത്തും സ്ഥാനാര്‍ഥി തീരുമാനം ശ്രദ്ധയില്ലാതെയാണ് എന്നും സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാനസമിതിക്കും വീഴ്ച പറ്റി എന്നുമാണ് റിപ്പോര്‍ട്ട്. രണ്ടിടത്തുമായി പലവേദികളില്‍ സംസാരിച്ചിട്ടും പാര്‍ട്ടിക്കുപറ്റിയ തെറ്റിനെക്കുറിച്ച് പിണറായി വിജയന്‍ പറയാഞ്ഞതെന്താണ്? പാര്‍ട്ടി കണ്ടെത്തിയത് പരസ്യമായി പറയാന്‍ ഒരു തോമസ് ഐസക്കല്ലാതെ ആരുമില്ലേ? അങ്ങ് പറഞ്ഞതല്ലല്ലോ നമ്മള്‍ കണ്ടെത്തിയത് സഖാവേയെന്ന് പിണറായി വിജയനോട് പാര്‍ട്ടി നേതാക്കള്‍ പറയാത്തതെന്താണ്? മറിച്ച്, പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വോട്ടുചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് അവകാശമില്ലെന്ന് പറയുന്നതിലൂടെ പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കുന്നതെന്താണ്? പാര്‍ട്ടിക്ക് തെറ്റിയില്ലെങ്കില്‍ എന്ത് തിരുത്താനാണ്? എന്തിനാണൊരു വിശാല സംസ്ഥാന സമിതി കോഴിക്കോട്ട് ചേരുന്നത്? എതിരെ വോട്ടുചെയ്തവരെ തിരിച്ചറിയാന്‍ സംവിധാനമുണ്ടായിരുന്നുവെങ്കില്‍ നടപടിയെടുത്തേനെ എന്നാണോ?