ഹാ കഷ്ടം എന്നേ പറയാനുള്ളൂ. സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ നാശമാണെന്ന് ഇസ്ലാം പറയുന്നുണ്ടത്രെ. മതപണ്ഡിതനെന്ന് വിളിച്ച് നമ്മുടെ രാഷ്ട്രീയ–മത നേതൃത്വങ്ങള്‍ ആദരിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ വാക്കുകളാണ്. ഏതെങ്കിലും സ്വകാര്യ സദസിലല്ല, വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ മൈക്കു കെട്ടി വിളിച്ചു പറഞ്ഞതാണ്. കേട്ടിരുന്ന് കയ്യടിച്ചവര്‍ നൂറുകണക്കിന്. പ്രസവത്തിന് ഓണറേറിയം പോലെ എന്തോ ഒന്നാണ് സ്ത്രീകള്‍ക്ക് വീട്ടിലിരിക്കാനുള്ള അവകാശം എന്ന് മറ്റൊരു പണ്ഡിതന്‍. അന്യ സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് കണ്ടാല്‍ പിടിവിട്ടുപോവുന്നവരാണോ പ്രബുദ്ധകേരളത്തിലെ പുരുഷന്‍മാര്‍ ? പക്ഷേ അദ്ഭുതപ്പെടുത്തുന്നത് കേരള സമൂഹം ഇത്തരം സ്ത്രീവിരുദ്ധ ആക്രോശങ്ങളോട് പുലര്‍ത്തുന്ന നിസംഗതയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം കേരളത്തിലെ ഭരണ–പ്രതിപക്ഷ മുന്നണികളിലെ നേതാക്കള്‍ പുലര്‍ത്തുന്ന മൗനത്തിന്‍റെ അര്‍ഥമെന്താണ്? ? പുരോഗനമനത്തിന്‍റെ പതാകവാഹകർ എന്നവകാശപ്പെടുന്നവർ പെട്ടെന്ന് നിശബ്ദാരായോ? ഇന്ത്യൻ ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യാവകാശമാണ് നൽകുന്നത്. ബെനസീർ ഭൂട്ടോയും മെഗാവതി സുകർണോപുത്രിയും ഷെയ്ഖ് ഹസീനയും ഖാലിദ സിയയും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ നയിച്ചിട്ടുണ്ട്. സ്ത്രീസമത്വത്തെക്കുറിച്ച് പൊതുനിരത്തില്‍ പ്രസംഗിക്കുന്നവര്‍ക്ക് മതപണ്ഡിതരുടെ നിലപാടുകള്‍ക്കെതിരെ ഒരക്ഷരം പറയാന്‍ ധൈര്യമില്ലാത്തതെന്ത് ? മതശാസനയില്‍ മൗനമോ?