2026 ലോകകപ്പ് ഫുട്ബോള്‍ കിരീടം ആരുനേടും എന്ന ചോദ്യത്തിന് ഏറ്റവുമധികം ആളുകള്‍ സാധ്യത കണ്ടത് ഫ്രാന്‍സിനും അര്‍ജന്റീനയ്ക്കുമെല്ലാമാണല്ലോ. ഇതേ ചോദ്യം ചോദിച്ചപ്പോള്‍ പക്ഷെ നമ്മുടെ എഐ മോഡലുകള്‍ നല്‍കിയ ഉത്തരം പക്ഷെ സ്പെയിനെന്നായിരുന്നു. അതിപ്പോ ക്ലോഡാണെങ്കിലും ചാറ്റ് ജിപിടി ആണെങ്കിലും പെര്‍പ്ലെക്സിറ്റിയാണെങ്കിലും എല്ലാം. സ്പെയിന്‍ തന്നെ ജയിച്ചു. കപ്പുംകൊണ്ടുപോയി. വിവരശേഖരണത്തിനും ആശയങ്ങള്‍ക്കും ഒരു സാധ്യതയും ഇടവും കളയരുത് എന്നാണല്ലോ. അങ്ങനെ എഐ മോഡലുകളോട് ഞാനിന്ന് ഇങ്ങനെ ചോദിച്ചു. ആരാകും കേരളത്തിലെ കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റ്? ചാറ്റ് ജിപിടി പറഞ്ഞു, കാര്യങ്ങള്‍ മൂന്ന് പേരുകളിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്ന്. ബെന്നി ബഹനാന്‍, ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍. മൈ അസസ്മെന്റ് എന്നുപറഞ്ഞുകൊണ്ട് ചാറ്റ് ജിപിടി ഇത്രകൂടി പറഞ്ഞു, ബെന്നിക്കാണ് സാധ്യത കൂടുതല്‍. ജമിനൈയോട് ചോദിച്ചപ്പോള്‍ അതും ഇതേ പേരുകള്‍, അതേ ക്രമത്തില്‍ പറഞ്ഞു. കൂട്ടത്തില്‍ കൊടിക്കുന്നില്‍, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നീ പേരുകളും വന്നു. മെറ്റയോട് ചോദിച്ചു. എനിക്ക് പ്രവചിക്കാനാകില്ല എന്ന ആമുഖത്തോടെ മെറ്റ ഇപ്രകാരം പറഞ്ഞു, മാധ്യമവാര്‍ത്തകളില്‍ രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍, പി.സി.വിഷ്ണുനാഥ് എന്നീ പേരുകളുമുണ്ടെന്ന്. ടീമുകളുടെ സാധ്യതവച്ച് ആര് കളിച്ച് ഗോളടിച്ച് ജയിക്കുമെന്ന് പ്രവചിക്കുംപോലെയല്ലല്ലോ രാഷ്ട്രീയത്തിലെ സാധ്യതകള്‍. അതുകൊണ്ട് എയില്‍നിന്നാണോ ഐയില്‍നിന്നാണോ പ്രസിഡന്റ് വരുകയെന്ന് എഐയ്ക്ക് പറയാനാകില്ല. അയ്യേ ഇതെന്താ ഇങ്ങനെയെന്ന് ചോദിക്കുംമുമ്പ് പാര്‍ട്ടിക്കൊരു നാഥനുണ്ടായാല്‍മതി. അപ്പോള്‍ ചോദ്യമിതാണ്. കെപിസിസിക്ക് ഒരു വര്‍ക്കിങ് പ്രസിഡന്റുവേണമെന്ന് ആര്‍ക്കുമില്ലേ വിചാരം?