കോക്രോച് ജനതാ പാര്‍ട്ടിയും പിന്നാലെ ഇന്നലെ കോണ്‍ഗ്രസും പിന്നാലെ അണിചേര്‍ന്ന മറ്റുള്ളവരും ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ ഒന്ന് കുലുക്കിയോ? മോദി സര്‍ക്കാര്‍ ഒന്ന് കുലുങ്ങിയോ? ചര്‍ച്ചയാകാമെന്ന നിലപാടിലേക്കെത്തിച്ചെങ്കില്‍ തുടര്‍ന്ന് എന്താണ് സാധ്യം? പരീക്ഷാവീഴ്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുമോ? രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടപോലെ പ്രധാനമന്ത്രി യുവാക്കളോട് മാപ്പ് പറയുമോ? ഇന്നലെയും മിനിഞ്ഞാന്നും നടന്ന അതിക്രമങ്ങള്‍ക്ക് പൊലീസ് അധികാരികളെ അക്കൗണ്ടബിള്‍ ആക്കുമോ സര്‍ക്കാര്‍? ആദ്യത്തെ ചോദ്യം മന്ത്രിയുടെ രാജി, വലിയ പ്രതീക്ഷ വേണ്ടെന്ന് ബിജെപിയുടെ 2014 മുതലുള്ള ചരിത്രം പറയും. പ്രേക്ഷകര്‍ക്ക് ഓര്‍മയുണ്ടാകാം, എന്നാലും പറയട്ടെ, 2015ല്‍ രണ്ട് കേന്ദ്രമന്ത്രിമാരുടെ രാജി ആവശ്യമുയര്‍ന്ന ഒരു വിവാദത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ രാജ്നാഥ് സിങ്ങ് പറഞ്ഞത് ഇങ്ങനെയാണ്–ഇത് യുപിഎ സര്‍ക്കാരല്ല, എന്‍ഡിഎ സര്‍ക്കാരാണ്. അതെ, എന്‍ഡിഎ കാലത്ത് കഴിഞ്ഞ 12 വര്‍ഷമായി ഇല്ലാത്ത ഒന്ന്, ധര്‍മേന്ദ്രപ്രധാനെന്ന ബിജെപിക്ക് പരമപ്രധാനമായ ഒരു വ്യക്തിയുടെ കാര്യത്തില്‍ സംഭവിക്കുമെന്നത് യാഥാര്‍ഥ്യബോധമുള്ള ലക്ഷ്യമോ കണക്കുകൂട്ടലോ ആണോ? അതല്ല, ആ ചരിത്രമെല്ലാം മാറിനില്‍ക്കുംപോലെ, ആ രാജി അനിവാര്യമാക്കുംപോലെ, ഒരു സമ്മര്‍ദം ഉയര്‍ത്താന്‍ ഡല്‍ഹി തെരുവിലെ സമരക്കാര്‍ക്ക് ആകുമോ? കാലമല്ല, വരും ദിവസങ്ങള്‍ ഉത്തരം നല്‍കും. 

ENGLISH SUMMARY:

The recent political tremors that have shaken the central government. It questions whether the united opposition, including the Janata Party and Congress, has truly impacted the Modi administration and explores the potential ramifications.