ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാം പിണറായി സർക്കാരിൻറെ കാലത്തെ ദേവസ്വം ബോർഡും പ്രതിപ്പട്ടികയിലേക്ക്. ദേവൻറെ സ്വത്ത് സംരക്ഷിക്കാൻ സർക്കാർ നിയോഗിച്ച സ്വന്തം പാർട്ടിക്കാർ തന്നെകൊള്ളസംഘത്തിൽ ചേർന്ന നവകേരളം. ഒരു ഇരുണ്ട കാലത്തും ഇങ്ങനെ വരിവരിയായി ദേവസ്വംബോർഡ് പ്രസിഡൻറുമാരും അംഗങ്ങളും അമ്പലക്കൊള്ളയില്‍ പ്രതികളായിട്ടില്ല. ആഗോള അയ്യപ്പ സംഗമത്തിൻറെ ശോഭ കെടുത്താൻ ഉയർത്തിയ ആരോപണങ്ങളെന്ന് പരിഹസിച്ച, സംഗമ സംഘാടകനായ പ്രസിഡൻറിനെയാണ് ഇപ്പോൾ കയ്യോടെ പിടിച്ചത്. പ്രതിയാക്കാൻ അന്ന് വെല്ലുവിളിച്ചവർ ഇപ്പോൾ ഇരവാദം ഉയർത്തുകയാണോ? തിരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റിട്ടും ശബരിമല സ്വർണ്ണക്കൊള്ള എൽഡിഎഫിനെ വിടാതെ പിന്തുടരുകയാണോ? സ്വർണ്ണം കട്ട സഖാക്കളുടെ എണ്ണം കൂടിക്കൂടി വരികയാണോ? പോറ്റിയെ വീണ്ടും കേറ്റിയതിൻറെ തെളിവുകൾ പുറത്തുവരുമ്പോൾ പ്രതിപക്ഷം വിയർക്കുകയാണോ? ശാസ്താവിൻറെ ധനമൂറ്റിയവർ ആരും പക്ഷേ ഇപ്പോൾ ജയിലിലില്ല. അന്വേഷണം നീണ്ടുപോകുമ്പോൾ കുറ്റപത്രം വൈകുമ്പോൾ നീതി അകലെയാണെന്ന ഭക്തരുടെ ആശങ്കയും ശക്തിപ്പെടുകയാണോ?