മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാന്‍മാരുടെ കുപ്രസിദ്ധ ആലപ്പുഴ തല്ലിന്‍ മേല്‍ എടുത്ത കേസ്, ആ സര്‍ക്കാരിന്‍റെ പ്രീതിക്കായി ഒതുക്കി കൊടുക്കാന്‍ പണിയെടുത്തത് അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍. പറയുന്നത് എ.ഡി.ജി.പിയുടെ ഓഫീസിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐമാര്‍. പറഞ്ഞിരിക്കുന്നത് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്ന SITക്ക് മുന്‍പില്‍. 2024 ഓഗസ്റ്റ് 4നും 13നുമായി രണ്ട് വട്ടം, ഈ ഗണ്‍മാന്‍മാരുടെ തല്ല് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ എഡിജിപി എം.ആര്‍.അജിത് കുമാറിന്‍റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. 13ന് അവിടെ വച്ച് തന്നെ കയ്യോടെ അന്വേഷണ റിപ്പോര്‍ട്ട് തിരിത്തിച്ചു.തെളിവുകള്‍ മാറ്റിമറിച്ചു. ഇക്കാര്യങ്ങളെല്ലാം ചെയ്തത് എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിന്‍റെ സമ്മര്‍ദം താങ്ങാനാകാതെയാണെന്ന് കരഞ്ഞ് കൊണ്ട് സമ്മതിക്കുകയാണ് ഇപ്പോള്‍ ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും. ഗണ്‍മാന്‍മാര്‍ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥാരാണ് ഇപ്പോള്‍ ഈ കേസില്‍ പ്രതികള്‍. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച കോടതി വിധി പറയാനിരിക്കെ കൂടിയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. എന്നുവച്ചാല്‍ ഈ തല്ലുകേസില്‍.. ഒരു അട്ടിമറി ആംഗിളുണ്ട്. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– തല്ലിച്ചവരും കേസ് അട്ടിമറിച്ചവരും കുടുങ്ങുമോ ? അജിത് കുമാറിന്‍റെ ഭാവിയെന്ത് ?