ടീം വി.ഡി തെളിഞ്ഞുവരികയാണ്. മുഖ്യമന്ത്രി പദം കൈവിട്ടതോടെ മന്ത്രിമാരില്‍ മികച്ച വകുപ്പും ആളെണ്ണവും ഉറപ്പിക്കുകയാണ് ചെന്നിത്തല– കെസി പക്ഷങ്ങള്‍. ആഭ്യന്തരം െചന്നിത്തലയ്ക്കെന്ന്. അതോടെ പരിഭവം മാറുകയാണ്. ഐസി ബാലകൃഷ്ണനടക്കം കൂടെയുള്ളവരെ കൂടി മന്ത്രിമാരാക്കാന്‍ പരിശ്രമം. എംഎല്‍എമാരിലെന്ന പോലെ മന്ത്രിസഭയിലും ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ചര്‍ച്ചകളും നീക്കങ്ങളുമായി കെസി പക്ഷം. ഇതിനിടയിലും മൂന്ന് നേതാക്കളും പരസ്പരം കണ്ടു, സംസാരിച്ചു.. മന്ത്രി ചര്‍ച്ചകള്‍ സ്വാഭാവിക നടപടികളെന്ന് പ്രതികരണം. നീരസം മാറ്റി, മഞ്ഞുരുക്കത്തിന്‍റെ പ്രതീതി കെസിയും വിഡിയും ചെന്നിത്തലയും കാണിച്ചു എന്നതാണ് ഈ ദിനത്തിന്‍റെ ഹൈലൈറ്റ്. ഇത് കോണ്‍ഗ്രസിനകത്തെ കാര്യമെങ്കില്‍ ഘടകക്ഷികളുടെ ആവശ്യത്തിലും സമ്മര്‍ദത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ലീഗിന് മന്ത്രി പദവി അഞ്ചാണോ, നാലാണോ ? അഞ്ചുറപ്പിച്ചു എന്ന് ഒടുവില്‍ വിവരം. വിദ്യാഭ്യാസം അടക്കം സ്ഥിരം വകുപ്പുകളില്‍ മാറ്റമുണ്ടാകുമോ? തീരുമാനമായിട്ടില്ല. രണ്ട് മന്ത്രിസ്ഥാനം വേണമെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ് പി.ജെ. ജോസഫ്.. അങ്ങനെ നീളുന്നു ഘടകകക്ഷി കാര്യങ്ങള്‍. ഒരു പകലും രാത്രിയും കടന്നാല്‍ സത്യപ്രതിജ്ഞായായി. മറ്റന്നാള്‍ പത്തുമണിക്ക്. ഇതുവരെ തെളിഞ്ഞതെത്ര? ഇനിയും കലങ്ങിത്തെളിയാനെത്ര? കലഹമില്ലാതെ തീരുമോ? 

ENGLISH SUMMARY:

Kerala Congress is actively engaged in ministry formation discussions, with key leaders strategizing to secure prominent portfolios and ample representation. This period is marked by intense negotiations and political maneuvering within the party and its allies.