ഇന്നലെ കേരളത്തില്‍ കണ്ട ആ അസാധാരണ കാഴ്ച, ഇന്നത്തെ പകല്‍ അതിലേറെ ഇടങ്ങളില്‍ ആവര്‍ത്തിച്ചതാണ് ഈ കണ്ടത്. തിരുവനന്തപുരത്തും കൊച്ചിയിലും മലപ്പുറത്തും കോഴിക്കോട്ടും തുടങ്ങി നിരവധി ഇടങ്ങളില്‍ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പിന്തുണയ്ക്കുന്നവര്‍ തെരുവില്‍. സതീശന്‍ ഞങ്ങളുടെ ബാഹുബലിയെന്ന് ചിലര്‍. ഇന്നലത്തെപ്പോലെ കണ്ണേ കരളേ വിഡിഎസ്സേ പലയിടത്ത് മുഴങ്ങി. പരസ്യ പ്രതിഷേധം പാര്‍ട്ടിയും പിന്നാലെ വിഡി സതീശന്‍ തന്നെയും വിലക്കിയശേഷമാണ് ഈ നടന്നതെല്ലാം. ഓര്‍ക്കേണ്ട ഒന്ന്, കേരളഭരണം തരംഗസ്വഭാവത്തോടെ യുഡിഎഫിന്റെ കയ്യിലെത്തിയിട്ട് നാലുദിവസം. ആ സര്‍ക്കാരിനെ ആര് നയിക്കണമെന്ന ചോദ്യത്തിന്റെ ഉത്തരംതേടി മൂന്നുനേതാക്കളുമായി വട്ടംചുറ്റുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇന്നലെ കേരളത്തിലെത്തി എണ്ണവും അഭിപ്രായവും എടുത്ത് മടങ്ങിയ എഐസിസി നിരീക്ഷകര്‍ ആരുടെയും പേര് നിര്‍ദേശിക്കാതെ മൂന്നുപേരുടെയും ഗുണങ്ങളും കുറവുകളും റിപ്പോര്‍ട്ടായി പ്രസിഡന്റിന് നല്‍കി. പിന്നാലെ വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. നാളെയാണ് നിര്‍ണായക ചര്‍ച്ച. ഞായറാഴ്ച മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകണമെങ്കില്‍ നാളെ ചിലത് സംഭവിക്കണം. ഒറ്റപ്പേരിലേക്ക് കാര്യങ്ങളെത്തണം. അതെങ്ങനെ സാധ്യമാകും? ഉജ്വല ജയത്തിന്റെ പ്രഭ കളയാത്ത വിധമൊരു മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് ആര് വിട്ടുവീഴ്ച ചെയ്യും? 

ENGLISH SUMMARY:

VD Satheesan is at the center of discussions as the Congress leadership grapples with the decision of who will lead the UDF government in Kerala. Following widespread public support and protests, the high command is set to hold crucial discussions to finalize the Chief Minister nominee.