കണ്ണൂർ ഡെന്‍റല്‍ കോളേജ് വിദ്യാർഥിയായിരുന്ന നിധിൻ രാജിൻറെ മരണം കേരളത്തെ ഞെട്ടിച്ചതാണ്. കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതി, ഡോക്ടറാവണമെന്ന മോഹം പൂർത്തീകരിക്കാൻ ഇറങ്ങിയ ദലിത് യുവാവ്. കോളജിൽ അധ്യാപകരിൽ നിന്ന് പോലും ജാതി അധിക്ഷേപവും നിന്ദ്യമായ പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്ന 22കാരൻ ആ സ്വപ്നങ്ങളെല്ലാം പാതി വഴിയില്‍ ഉപേക്ഷിച്ച് ഈ ലോകത്തുനിന്ന് മടങ്ങി. എന്നാല്‍ പ്രധാനപ്രതിയെ സംരക്ഷിച്ചും കേസിൻറെ വഴി തിരിച്ചുവിടാനായി പുതിയ കഥകൾ മെനഞ്ഞുമുള്ള ആസൂത്രിത നീക്കങ്ങളാണ് പിന്നീട് കണ്ടത്. വമ്പന്മാരുമായുള്ള പോരാട്ടത്തിൽ നീതി നടപ്പാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പിന്നോക്ക, ദലിത് സമൂഹം തെരുവിലിറങ്ങാൻ തീരുമാനിച്ചത്. സമാധാനപരമാവുമെന്ന് പ്രതീക്ഷിച്ച ആ പ്രതിഷേധത്തെ പൊതുസമൂഹം പൂർണ്ണ മനസ്സോടെ പിന്തുണച്ചു. പക്ഷേ ഏത് സംഘടിത പ്രസ്ഥാനത്തിൻറെയും സമരാഭാസം പോലെ തന്നെ, ജനങ്ങളെ ബന്ദികളാക്കി മുഷ്കും കയ്യൂക്കും പ്രകടിപ്പിക്കുന്നതായി ഇന്നത്തെ ഹർത്താലും. ബി.ആര്‍ അംബേദ്കറുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ ഇന്ത്യൻ ഭരണഘടന സംഘടിക്കാനും പ്രതിഷേധിക്കാനും, പൗരന്മാർക്ക് അവകാശം നൽകുന്നുണ്ട്. അതൊടൊപ്പം പൗരന്മാർക്ക് സഞ്ചാര സ്വാതന്ത്ര്യം കൂടി ഉറപ്പുനൽകുന്നതാണ് ആ ഭരണഘടന. ആശുപത്രിയിലേക്കുള്ള യാത്രമധ്യേ അർബുദ രോഗിയെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ ക്രൂരത ഏത് സമരത്തിൻറെ പേരിലാണ് ന്യായീരിക്കാനാകുക. പ്രവേശന പരീക്ഷ കേന്ദ്രത്തിൽ എത്താനാകാതെ പെരുവഴിയിലായ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട അവസരം ആര് നൽകും? കൈക്കുഞ്ഞുമായി മറ്റു സംസ്ഥാനത്തുനിന്നും വന്നിറങ്ങിയ അമ്മയുടെ നിസഹായാവസ്ഥയ്ക്ക് ആര് പരിഹാരമുണ്ടാക്കും? തിളയ്ക്കുന്ന ചൂടിൽ തെരുവിൽ നരകിച്ച പ്രായമായവരും കുഞ്ഞുങ്ങളും എത്രയേറെ. നിർബന്ധിച്ച് തൊഴിൽ തടയുന്ന, വാഹനം തടയുന്ന, കടകളടപ്പിക്കുന്ന ഏതു ഹർത്താലും ജനവിരുദ്ധമാണ്. നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഉന്നത കോടതികൾ ഇടപെട്ടിട്ടും പല പേരുകളിൽ ഈ കാടത്തം തുടരുന്നത് എന്തുകൊണ്ടാണ്? പലപ്പോഴും പൊലീസ് നോക്കുകുത്തികളാകുന്നത് എന്തുകൊണ്ടാണ്? ആവശ്യങ്ങൾ നേടിയെടുക്കാൻ മറ്റുള്ളവരുടെ ആവശ്യങ്ങളും അവകാശങ്ങളും തടയുന്ന സമരരീതി ന്യായമോ?