ഒടുവിൽ പവനായി ശവമായി എന്ന സിനിമ ഡയലോഗിനെ ഓർമ്മിപ്പിക്കുന്നതായി എൻഎസ്എസ്-എസ്എൻഡിപി ഐക്യം 2026 വേർഷൻറെ അകാലമൃത്യു. മൂന്നാം തുടർഭരണത്തിന് വർഗ്ഗീയ ധ്രുവീകരണ തിരക്കഥയെഴുതിയവരും കേരളത്തിൽ ഇതുവരെ പ്രയോഗിച്ച് വിജയിപ്പിക്കാനാവാത്ത ഹിന്ദു വോട്ട് ബാങ്ക് കാത്തുനിന്നവരും ഒരുപോലെ നിരാശരായി.
ലീഗിനെ രാജ്യവിരുദ്ധ ശക്തിയാക്കി, പ്രതിപക്ഷ നേതാവിനെ വില്ലനാക്കി ആരുടെയൊക്കെയോ ക്വട്ടേഷൻ നടപ്പാക്കാനുള്ള നീക്കമാണ് പാളിയത്. വിദ്വേഷപ്രസംഗത്തിന് ഒരുമടിയുമില്ലാത്ത വെള്ളാപ്പള്ളി നടേശന്‍, പത്മവിഭൂഷണായതിന് തൊട്ട് പിന്നാലെയാണ് ഇന്നുവരെ പുരസ്കൃതനായിട്ടില്ലാത്ത സുകുമാരൻ നായർ ഐക്യനാടകത്തിന് കർട്ടനിട്ടത്.
വീണ്ടും ഐക്യം എന്ന ആശയത്തിന് അതിവേഗം കൈകൊടുത്ത സുകുമാരൻ നായർതന്നെ ഐക്യം പൊളിച്ചത് എന്തുകൊണ്ടാണ്? തുഷാറിനെ മകെനപ്പോലെ സ്വീകരിക്കുമെന്ന പ്രഖ്യാപിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് പെട്ടെന്ന് തിരുത്തേണ്ടി വന്നത് എന്തുകൊണ്ടാണ്? വെള്ളാപ്പള്ളിയുടെ പ്രഖ്യാപനങ്ങൾ അതിവേഗം ആവിയായത് എങ്ങനെയാണ്?
എൻഎസ്എസ് കോൺഗ്രസിൽ നിന്ന് അകലുന്നത് നേട്ടമാകുമെന്ന സിപിഎം തന്ത്രജ്ഞരുടെ പ്രതീക്ഷ പൊളിഞ്ഞത് എവിടെയാണ്? നായർ, ഈഴവ ഐക്യത്തിൻറെ യഥാർത്ഥ ഗുണഭോക്താക്കളെന്ന് കരുതി കരുനീക്കിയ ബിജെപിക്ക് പിഴച്ചത് എവിടെയാണ്? കോൺഗ്രസിന് ആശ്വാസമായ അനൈക്യപ്രഖ്യാപനം ആരുടെ സമ്മർദ്ദത്തിൽ ഉരുത്തിരിഞ്ഞതാണ്?