ആണ്ടുകള്‍ പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞ ഫണ്ട് തിരിമറി, കട്ടെടുക്കല്‍ ആരോപണള്‍ ഇപ്പോള്‍ നാട് കേള്‍ക്കെ, അണികള്‍ കേള്‍ക്കെ.. മുതിര്‍ന്നൊരു സഖാവ് തുറന്നു പറഞ്ഞു. പരിഹരിക്കപ്പെടാത്തൊരു പ്രശ്നത്തില്‍ ഇനി അണികള്‍ പാര്‍ട്ടിയെ തിരുത്തട്ടെ എന്നാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന്‍റെ മനസ്. ഒന്നല്ല, മൂന്നുണ്ട് ആരോപണങ്ങള്‍. 2017ലെ ധനരാജ് രക്തസാക്ഷി ഫണ്ട്, 2017ലെ ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ട്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട്... ഈ മൂന്നിലുമായി ഒരുകോടി രൂപയിലധികം വെട്ടിപ്പോ.. തിരിമറിയോ ഉണ്ടായെന്നാണ് കുഞ്ഞികൃഷ്ണന്‍റെ ബോധ്യം. ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എം.വി.ഗോവിന്ദന്‍ വരെയുള്ള പാര്‍ട്ടി സെക്രട്ടറിമാര്‍ക്കും പിണറായിക്കും അറിവുള്ള വിഷയത്തില്‍ ഇതുവരെ പരിഹാരമായില്ലെന്നും തെറ്റുകാര്‍ ശിക്ഷിക്കപ്പെട്ടില്ലെന്നും ഇപ്പോഴും പാര്‍ട്ടിയിലുള്ള കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തുന്നു. തെളിവില്ലാത്ത ആരോപണം,, ഉന്നയിച്ചയാള്‍ തന്നെ തെറ്റുപറ്റിയെന്ന് പാര്‍ട്ടിയില്‍ പറഞ്ഞു,, പാര്‍ട്ടി കമ്മീഷന്‍ അന്വേഷിച്ച് തള്ളി,,... ഇത്രയുമാണ് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം ഇതിന് നല്‍കിയ മറുപടി. കുഞ്ഞികൃഷ്ണനെതിരെ പുറത്താക്കല്‍ അടക്കം കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നും നേതാക്കളുടെ വാക്കുകളിലുണ്ട്. ടി.പി നേരിട്ടതിന് സമാനമായ ഭീഷണിയാണ് എല്ലാം തുറന്നുപറഞ്ഞ കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ നേരിടുന്നതെന്ന് പ്രതിപക്ഷനേതാവ്. പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്നും കേസെടുക്കണമെന്നും എല്ലാം പാര്‍ട്ടികോടതി തീരുനമാനിച്ച് വിധി പറയുന്ന രീതിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍. കൗണ്ടര്‍പോയ്ന്‍റ് ചോദിക്കുന്നു, ചെങ്കൊടിയെ സ്നേഹിച്ച, രക്തസാക്ഷിയെ സ്നേഹിച്ച സഖാക്കളുടെ കറകളഞ്ഞ കൂറിനെ നേതാക്കളില്‍ ചിലര്‍ വഞ്ചിച്ചോ ? ഫണ്ട് അടിച്ചുമാറ്റിയോ ? ഉയര്‍ത്തപ്പെട്ടത് തെളിവില്ലാത്ത ആരോപണമോ ? അതോ, എല്ലാം അറിഞ്ഞിട്ടും പാര്‍ട്ടി തെറ്റുകാരെ സംരക്ഷിച്ചോ ? വ്യക്തത വരാന്‍ പൊലീസ് അന്വേഷണം വേണ്ടേ ? പാര്‍ട്ടി കോടതി മതിയോ ?