പയ്യന്നൂര്‍ എംഎല്‍എ ടി.ഐ.മധുസൂദനന് എതിരെ ഗുരുതര ആരോപണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണന്‍. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലാണ് തിരിമറി നടന്നത്. 51 ലക്ഷം നഷ്ടപ്പെട്ടെന്നും പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് ആരോപണം. സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പുറത്താക്കിയാലും ഭയമില്ലെന്നും കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു.

2016 ജനുവരിയിലാണ് ധനരാജ് ഫണ്ട് പിരിവ് നടക്കുന്നത്. അതുവരെ എല്ലാം കൈകാര്യം ചെയ്തത് അന്ന് ഏരിയ സെക്രട്ടറിയായിരുന്ന ടി.ഐ മധുസൂധനന്‍ തന്നെയായിരുന്നു. ആ നിലയില്‍ തിരിമറിയുടെ ഉത്തരവാദിത്തവും ഏരിയ സെക്രട്ടറിക്കാണ്. പിന്നീട് കെ.പി.മധു ഏരിയ സെക്രട്ടറി ആയി വന്നു അതിനുശേഷമുള്ള കാര്യങ്ങളിൽ കെ.പി മധുവിനും ഉത്തരവാദിത്തമുണ്ട്. കെട്ടിട നിർമ്മാണ ഫണ്ടിൽ പിരിവിനുള്ള റസീപ്റ്റിൽ എംഎൽഎ തിരിമറി നടത്തി. വ്യാജ റസീപ്റ്റ് പ്രിന്‍റ് ചെയ്യിച്ചു. വരവിലും ചെലവിലും ക്രമക്കേടുകൾ കണ്ടെത്തിയെന്നും കുഞ്ഞികൃഷ്ണന്‍ പറയുന്നു.

ടി.ഐ.മധുസൂധനന് അടക്കം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി കമ്മിഷന്‍ തെറ്റുകാരെ സംരക്ഷിച്ചു. ഉന്നയിച്ച തനിക്കെതിരെ നടപടിയെടുത്തുവെന്നും കു‍ഞ്ഞിക്കൃഷ്ണന്‍. പുറത്താക്കിയാലും ഭയമില്ലെന്നും കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരിക്ക് ഇക്കാര്യങ്ങള്‍ വാക്കാല്‍ വിശദീകരിച്ച് നല്‍കുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണന്‍ പറയുന്നു.

എം.വി.ഗോവിന്ദനുമായി ഫണ്ട് വിഷയം സംബന്ധിച്ചിട്ട് പിന്നെ സംസാരിച്ചിട്ടില്ല. എന്നെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ടുകൊണ്ട് ആ തീരുമാനം എടുത്ത് ഒരാഴ്ചക്കുള്ളിൽ തന്നെ ഞാൻ സംസ്ഥാന കമ്മിറ്റിക്ക് ഒരു പരാതി കൊടുത്തിരുന്നു അത് കോടിയേരി സെക്രട്ടറി ഉള്ളപ്പോൾ തന്നെ കൊടുത്തതാണ്. പിന്നീട് ഗോവിന്ദന്‍ മാഷ് വന്നു. രണ്ടു മൂന്ന് തവണ അദ്ദേഹവുമായി ബന്ധപ്പെട്ടു. ഞാൻ ഗോവിന്ദൻ മാഷോട് ചോദിച്ച ഒരേയൊരു ചോദ്യം എന്നെ പാർട്ടിക്ക് വേണ്ടേ എന്നത് മാത്രമാണ്. എന്താ അങ്ങനെ ചോദിക്കുന്നു എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഞാനൊരു തെറ്റും ചെയ്തിട്ടില്ല. പാർട്ടി ഏകപക്ഷീയമായി എന്നെ മാറ്റുകയാണ്. അതേ തുടർന്ന് ഞാൻ പ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുകയാണ്. പാർട്ടിക്ക് എന്നെ വേണ്ട എന്നുള്ള നിലപാടാണ് കണ്ണൂരിലെ നേതൃത്വം എടുത്തതെന്നും അതുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയതെന്നും വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പിന്നീട് ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിച്ചു. കഴിഞ്ഞ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇത് നിരന്തരം ഉന്നയിച്ചിട്ടും പരിഹാരമാകുന്നില്ല എന്ന ഘട്ടത്തിലാണ് ജനങ്ങളോട് തുറന്ന് പറയാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുസ്തകത്തിൽ കുറെ കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. പുസ്തകത്തിന് അനുമതി ചോദിക്കാതിരുന്നത് അനുമതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്. തന്നെ ആക്രമിക്കുമെന്ന് ചിലർ തന്നോട് മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

In a major embarrassment to the CPM in Kannur, District Committee member V. Kunjikrishnan has raised serious allegations of fund embezzlement against Payyanur MLA T.I. Madhusoodanan. Kunjikrishnan alleged that ₹51 lakh was missing from the Dhanaraj Martyr's Fund and accused the MLA of being involved in the financial fraud during his tenure as Area Secretary. Despite filing complaints with the State Secretary and the late Kodiyeri Balakrishnan, Kunjikrishnan claims that the party commission protected the culprits while taking disciplinary action against him.