സിപിഎമ്മിനെ വെട്ടിലാക്കി ഗുരുതര ഫണ്ട് തിരിമറി ആരോപണവുമായി രംഗത്തെത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണനെ തള്ളി സിപിഎം. വി.കുഞ്ഞിക്കൃഷ്ണന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം രാഷ്ട്രീയശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രതികരിച്ചു. ധനാപഹരണം നടന്നില്ലെന്ന് കണ്ടെത്തിയതാണ്. തെറ്റുപറ്റിയെന്ന് കമ്മിറ്റിയില്‍ കുഞ്ഞിക്കൃഷ്ണന്‍ തന്നെ പറഞ്ഞിരുന്നുവെന്നും രാഗേഷ് വ്യക്തമാക്കി.
കുഞ്ഞികൃഷ്ണനെ തള്ളി രാഗേഷ് വന്നതിന് പിന്നാലെ വീണ്ടും ആരോപണങ്ങളുമായി കുഞ്ഞികൃഷ്ണനും രംഗത്തെത്തി. കെ.കെ.രാഗേഷിന്റെ പ്രസ്താവന തള്ളിയ കുഞ്ഞിക്കൃഷ്ണന്‍ തെറ്റ് ഏറ്റുപറഞ്ഞു എന്നതാണ് വസ്തുതാവിരുദ്ധമെന്ന് പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവ് നല്‍കാനില്ലായിരുന്നു. പാര്‍ട്ടി കണ്ടെത്തലിനോട് വിയോജിക്കുന്നില്ല എന്നാണ് പറഞ്ഞത്. പിന്നീട് ഒരു കമ്മിറ്റിയിലും പങ്കെടുത്തില്ലെന്നുമാണ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞത്.
അതേസമയം, വി.കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരില്‍ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്നാണ് ഫ്ലക്സിലുള്ളത്. പയ്യന്നൂർ കാറമേൽ മുച്ചിലോട്ടാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കുഞ്ഞികൃഷ്ണന്‍റെ ചിത്രത്തിൽ കറുത്ത നിറം കൊണ്ട് വെട്ടിയാണ് ഫ്ലക്സ്.
ALSO READ: പാര്‍ട്ടി ഫണ്ടില്‍ തിരിമറി; എംഎല്‍എയ്ക്കും പങ്ക്; തുറന്നടിച്ച് സി.പി.എം നേതാവ് ...
പയ്യന്നൂർ ഏരിയ സെക്രട്ടറിയായിരുന്ന വി.കുഞ്ഞികൃഷ്ണൻ പാർട്ടി നടപടിയുടെ ഭാഗമായാണ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടിരുന്നത്. പിന്നീട് ജില്ലാ കമ്മിറ്റി അംഗമായി പാർട്ടി ഉയർത്തിക്കൊണ്ടുവന്നു. മുൻപ് പാർട്ടി വേദികളിൽ മാത്രം ഉന്നയിച്ച ആരോപണങ്ങളാണ് മാധ്യമങ്ങൾക്ക് മുന്നിൽ കുഞ്ഞികൃഷ്ണൻ പരസ്യമാക്കിയത്. പയ്യന്നൂർ MLA ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ രക്തസാക്ഷി ഫണ്ടിൽ നിന്നടക്കം തിരിമറി നടത്തിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്‍റെ തുറന്നുപറച്ചിൽ.
ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ടി ഐ മധുസൂദനനും ചില നേതാക്കളും ക്രമക്കേട് നടത്തിയെന്നതാണ് ഗുരുതര ആരോപണം. വ്യാജ റെസീപ്റ്റ് നിർമ്മിച്ച് കെട്ടിട നിർമ്മാണ ഫണ്ടിൽ മധുസൂദനൻ തട്ടിപ്പ് നടത്തി. സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും വരവിലും ചിലവിലും ക്രമക്കേടുകൾ നടന്നുവെന്നും ആരോപണം. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ അദ്ദേഹത്തോട് എല്ലാം തുറന്നുപറഞ്ഞു എന്നും നേതാക്കളോട് പറഞ്ഞിട്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്നും കടുത്ത വിമർശനവുമുണ്ടായിരുന്നു. അന്വേഷണ കമ്മീഷനുകൾ പരാതിക്കാരെ ക്രൂശിക്കുന്നു എന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. പുറത്തുപറയുന്നതിൽ ഭയമില്ലെന്നും താൻ ഒരിക്കലും പാർട്ടി വിടില്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. സംഭവത്തില്‍ ആരോപണ വിധേയനായ പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.