ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിയുടെ അന്വേഷണം തമിഴ്നാട്ടിലെ ഡിണ്ടിഗലിലെ ഡി.മണിയിലെത്തി നില്‍ക്കുകയാണ്. കേസിലെ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ തേടി അന്വേഷണസംഘം മുന്നോട്ടുപോകുമ്പോള്‍ ഇവിടെ കേരളത്തില്‍ രാഷ്ട്രീയ വിവാദം അതിരൂക്ഷമായ അവസ്ഥയിലാണ്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രാഷ്ട്രീയ സൗഹൃദങ്ങളാണ് വിവാദവിഷയം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും ഒപ്പമുള്ള ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രഹ്മണ്യനെ പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുന്നതാണ് ഇന്ന് കണ്ടത്. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തതില്‍ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പൊലീസിനെയിറക്കി വിരട്ടിയാലൊന്നും സ്വര്‍ണക്കൊള്ള ആരോപണങ്ങളില്‍നിന്ന് പിന്നോട്ടുപോവില്ലെന്ന് പറയുന്നു പ്രതിപക്ഷം. ചിത്രം പങ്കുവച്ച ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസെടുക്കാത്തതെന്തെന്നും ചോദ്യം. നിയമപരമായ നടപടി മാത്രമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കൗണ്ടര്‍ പോയിന്റ് ചോദിക്കുന്നു. പൊലീസിന്റെ രക്ഷാപ്രവര്‍ത്തനമോ?