ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള എഐ ചിത്രം പങ്കുവച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രഹ്മണ്യന്‍ കോഴിക്കോട്ട് കസ്റ്റഡിയില്‍. കലാപാഹ്വാനത്തിനാണ് കേസ്. എന്നാല്‍ താന്‍ പങ്കുവച്ചത് യഥാര്‍ഥ ചിത്രമാണെന്നും ആധികാരികത തെളിയിക്കുമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.
ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ചെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍. സമാനചിത്രം പങ്കുവച്ച ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ നടപടിയില്ല. ബി.ജെ.പിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാരിന് ധൈര്യമില്ലെന്നും പ്രവീണ്‍കുമാര്‍ വിമര്‍ശിച്ചു.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള ഫോട്ടോ ആയുധമാക്കാൻ പ്രതിപക്ഷം. ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണാണ് ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ബെംഗളൂരു എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ ആണെന്നാണ് കരുതുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഫോട്ടോയിൽ ഉണ്ട്. ഇവർ തമ്മിലുള്ള ബന്ധം എന്താണെന്നും ഷിബു ബേബി ജോൺ ചോദ്യമുന്നയിക്കുന്നു.
കടകംപള്ളിയും പോറ്റിയും ചർച്ച നടത്തുന്ന ദൃശ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഷിബു ബേബി ജോണ്‍. സെക്രട്ടറിയേറ്റിനു മുന്നിലെ ആംബുലൻസ് വിതരണ ചടങ്ങിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചതാരാണെന്നും ആഗോള അയ്യപ്പ സംഗമത്തിന് ഉണ്ണികൃഷ്ണൻ പോറ്റി സംഭാവന നൽകിയിട്ടുണ്ടോയെന്നും ഷിബു ചോദിച്ചു. അയ്യപ്പ സംഗമത്തിന്റെ കണക്ക് പുറത്തുവിടണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.