lali-james-03

തൃശൂര്‍ മേയര്‍ പദവിക്ക് പണം കൊടുത്തതായി തനിക്കുള്ളത് കേട്ടറിവ് മാത്രമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജെയിംസ്. പണപ്പെട്ടി കണ്ടിട്ടില്ലെന്നും ലാലി മനോരമ ന്യൂസിനോട് പറഞ്ഞു. കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും മരണം വരെ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും ലാലി. മേയർ പദവി കാശുവാങ്ങി വിറ്റെന്നാണ് ലാലി ജെയിംസ് ആരോപിച്ചത്. ഇതിന് പിറകെ കോണ്‍ഗ്രസില്‍  നിന്ന് ലാലി സസ്പെന്‍ഡ് ചെയ്തിരുന്നു. 

സസ്പെന്‍ഷന്‍ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ലാലി ജെയിംസ് പ്രതികരിച്ചത്. കൃത്യമായ കാര്യങ്ങള്‍ പറയുമ്പോള്‍ സസ്പെന്‍ഡ് ചെയ്തല്ല, വിളിച്ചിരുത്തി സംസാരിക്കാന്‍ ഡി.സി.സി പ്രസിഡന്റ് മര്യാദ കാട്ടണമെന്ന് ലാലി ജെയിംസ് മനോരമ ന്യൂസിനോട് പറഞ്ഞു. ഈ സസ്പെന്‍ഷന്‍ കൊണ്ടൊന്നും പാര്‍ട്ടിയില്‍ നിന്ന് ഓടിപ്പോകില്ല. സസ്പെന്‍ഷനെ ഭയപ്പെടുന്നില്ലെന്നും പാര്‍ട്ടിയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും ലാലി ജെയിംസ് പ്രതികരിച്ചു.

തൃശൂര്‍ മേയര്‍സ്ഥാനം നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ലാലി ജെയിംസിനെ ഇന്നലെ സസ്പെന്‍‍ഡ് ചെയ്തത്. ഡോക്ടർ നിജി ജസ്റ്റിൻ മേയർ പദവി കാശിന് വിറ്റെന്നായിരുന്നു ലാലിയുടെ ആരോപണം. തൃശൂരിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ നിജി ജസ്റ്റിൻ ഇന്നലെയാണ് കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 

ഒൻപതാമത്തെ മേയർ ആണ് നിജി. തൃശൂർ കോൺഗ്രസിലെ ആദ്യ വനിതാ മേയർ കൂടിയായി നിജി. പണപ്പെട്ടി ആരോപണം ഉയർത്തിയെങ്കിലും കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് , നിജിയ്ക്കു തന്നെ വോട്ട് ചെയ്തു. രണ്ട് സ്വതന്ത്ര കൗൺസിലർമാരും കോൺഗ്രസിനെ പിന്തുണച്ചു. ലാലിയുടെ ആരോപണത്തിനു പിന്നാലെ നാലു തവണ കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ചത് ലാലി കാശ് കൊടുത്താണോയെന്ന ചോദ്യവുമായി ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് രംഗത്തെത്തിയിരുന്നു. 

ENGLISH SUMMARY:

Congress councillor Laly James has clarified that her allegation about money being paid for the Thrissur mayor post is based only on hearsay. She said she did not personally see any cash box and shared what she had heard. Following her remarks, Laly James was suspended from the Congress party. Responding strongly, she said suspension would not push her out of the party and reaffirmed her loyalty to Congress. The controversy erupted after Dr Niji Justin was elected Thrissur Mayor, becoming the first woman mayor from Congress in the city. Party leaders have questioned Laly’s claims, while political tensions continue within the district unit.