ഗ്രാമീണ ഇന്ത്യയെ ദാരിദ്ര്യമുക്തമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് മരണമണി മുഴങ്ങുന്നോ? കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ പദ്ധതി സമ്പൂർണ്ണമായി അട്ടിമറിക്കാനുള്ള ബില്ലാണോ നരേന്ദ്രമോദി സർക്കാർ ലോകസ്ഭയിൽ അവതരിപ്പിച്ചത്? മഹാത്മാഗാന്ധിയുടെ പേര് വെട്ടിമാറ്റുന്നതിനൊപ്പം പദ്ധതിയുടെ രൂപവും സ്വഭാവവും മാറ്റിമറിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് എന്താണ്? വിബി ജി റാം ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടും വിധം, വികസിത് ഭാരത്- ഗ്യാരൻറി ഫോർ റോസ്ഗാർ ആൻറ് അജീവിക മിഷൻ- ഗ്രാമീൺ എന്ന പേരിട്ടതിന് പിന്നിലും വ്യക്തമായ അജണ്ടയുണ്ടോ? ബില്ലിനെ അനുകൂലിച്ച് ബിജെപി അംഗങ്ങൾ സഭയിൽ ജയ്ശ്രീറാം വിളിച്ചത് പ്രതിപക്ഷത്തിൻറെ സംശയങ്ങളെ ബലപ്പെടുത്തുന്നതാണോ? രാമന്‍ അകത്തും ഗാന്ധി പുറത്തും എന്നതോ നയം? തൊഴിലുറപ്പ് പദ്ധതിയുടെ മുഴുവൻ തുകയും നൽകേണ്ട കേന്ദ്രം, 40 ശതമാനം തുകയുടെ ബാധ്യത സംസ്ഥാനങ്ങൾക്ക് നൽകുന്നത് പദ്ധതി പൊളിക്കാനാണോ? തൊഴിൽ ഇല്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതും സംസ്ഥാനങ്ങളാകുമ്പോൾ ഫലത്തിൽ പദ്ധതി തന്നെ മരവിച്ചുപോകുമോ?