തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്യുന്നതോടെ കേരളത്തിൽ ലക്ഷങ്ങൾ പുറത്താകും. നിലവിലുള്ള 22 ലക്ഷം പേരിൽ വലിയ പങ്കും പദ്ധതിക്ക് പുറത്താകുമെന്നാണ് വിലയിരുത്തൽ. പദ്ധതിക്കുള്ള കേന്ദ്ര വിഹിതവും കുറയും. മറ്റ് കേന്ദ്ര പദ്ധതികളെ പോലെ കുടിശിക കൂടിയായാൽ പദ്ധതി പൂർണമായി നിർജ്ജീവമാകും.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിയമം പൊളിച്ച് വിബി ജി റാം ജി നിയമം വരുമ്പോൾ കേരളത്തിൽ പദ്ധതിയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പേർക്കാണ് തിരിച്ചടിയാകുന്നത്. നിലവിൽ അംഗങ്ങളായ 22 ലക്ഷം പേരിൽ പകുതിയിലധികം പദ്ധതിക്ക് പുറത്തു പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തൊഴിൽ ദിനങ്ങൾ 125 ഉയർത്തുമെന്ന് ഭേദഗതി നിയമത്തിൽ പറയുന്നുണ്ടെങ്കിലും, നിലവിൽ ലഭിക്കുന്ന നൂറ് ദിവസം പോലും എത്താൻ സാധ്യത വിരളമാണ്.
പദ്ധതി നടപ്പാക്കുന്ന ഗ്രാമീണ മേഖലകൾ കേന്ദ്രമാണ് വിജ്ഞാപനം ചെയ്യുക. അതോടെ പദ്ധതി ചുരുങ്ങും. കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പ് പാടില്ലെന്ന് നിബന്ധനയും തൊഴിൽ ദിനങ്ങൾ കുറയ്ക്കും. തൊഴിലുറപ്പിലൂടെ നടപ്പാക്കിയിരുന്ന കാർഷിക ജോലികളെയും മാലിന്യ സംസ്കരണത്തെയും പുതിയ നിയമം ബാധിക്കും. നിലവിൽ 4000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ വാർഷിക വിഹിതമായി കേരളത്തിന് ലഭിക്കുന്നത്. പദ്ധതി ചെലവിന്‍റെ 40% സംസ്ഥാനം വഹിക്കണമെന്നാണ് പുതിയ നിബന്ധന. ഇതനുസരിച്ച് കേരളം 1600 കോടി രൂപ മുടക്കണം. കേന്ദ്ര ഫണ്ട് ഉപാധികളും ഉണ്ട്. നിശ്ചയിച്ചതിന്മപ്പുറം ചെലവായാൽ സംസ്ഥാനം വഹിക്കണം. വേതനം വൈകിയാൽ നഷ്ടപരിഹാരവും തൊഴിലില്ലെങ്കിൽ അലവൻസും സംസ്ഥാനമാണ് നൽകേണ്ടത്. പുതിയ നിബന്ധനകൾ എല്ലാം തൊഴിലുറപ്പിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പേർക്കും സംസ്ഥാനത്തിനും തിരിച്ചടിയാകുമെന്ന് ചുരുക്കം.