ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റുന്ന വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) അഥവാ വിബി-ജി റാം ജി (VB-RAM G) ബില്ലിനെതിരെ ലോക്സഭയിൽ അസാധാരണമായ പ്രതിഷേധം. കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവർ സഭയിൽ മേശപ്പുറത്ത് കയറി പ്രതിഷേധിച്ചു. സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ ഗാന്ധിജിയുടെ ചിത്രം ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയത്.
പദ്ധതിയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെ പ്രതിപക്ഷം ശക്തമായി എതിർത്തു. ഇത് ഗാന്ധിയൻ ആശയങ്ങളോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുൻപ് വേതനം പൂർണ്ണമായും കേന്ദ്രം നൽകിയിരുന്ന സ്ഥാനത്ത്, പുതിയ ബില്ല് പ്രകാരം സംസ്ഥാനങ്ങൾ 40 ശതമാനം തുക വഹിക്കേണ്ടി വരും. ഇത് സംസ്ഥാനങ്ങൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. കൃഷി സീസണുകളിൽ പണി നൽകുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന വ്യവസ്ഥ തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തുമെന്ന് പ്രതിപക്ഷം വാദിക്കുന്നു.
ബില്ലിനെക്കുറിച്ച് ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ നടത്തിയ മറുപടി പ്രസംഗം ഭരണ-പ്രതിപക്ഷ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. നിലവിലുള്ള 100 തൊഴിൽ ദിനങ്ങൾ എന്നത് പുതിയ ബില്ലിലൂടെ 125 ദിവസമായി വർദ്ധിപ്പിച്ചുവെന്ന് മന്ത്രി അവകാശപ്പെട്ടു. ഗാന്ധിജി സ്വപ്നം കണ്ട 'രാമരാജ്യവും' 'ഗ്രാമസ്വരാജ്' എന്ന ആശയവുമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആർ.എസ്.എസിനെതിരായ പ്രതിപക്ഷ വിമർശനങ്ങളെയും അദ്ദേഹം തള്ളി. പാവപ്പെട്ടവരുടെ ക്ഷേമവും ഗ്രാമങ്ങളുടെ സമഗ്ര വികസനവുമാണ് ബില്ലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
സഭയ്ക്ക് അകത്തെ പ്രതിഷേധത്തിന് പുറമെ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലും ഇന്ത്യ (INDIA) സഖ്യം പ്രതിഷേധ പ്രകടനം നടത്തി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ 'തൊഴിലാളി വിരുദ്ധ ബില്ല് പിൻവലിക്കുക' എന്ന മുദ്രാവാക്യം ഉയർന്നു.
ബില്ല് സ്റ്റാൻഡിങ് കമ്മിറ്റിക്കോ ജെപിസിക്കോ വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് സർക്കാർ ബില്ല് പാസാക്കിയത്. ഇതോടെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാവി സംബന്ധിച്ച് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് തൊഴിലാളി സംഘടനകൾ ഒരുങ്ങുകയാണ്.