രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തതിന് പിന്നാലെ പൊലീസിന്‍റെ FIR. ഭീഷണിപ്പെടുത്തി ഭ്രൂണഹത്യ, പലവട്ടം ബലാല്‍സംഗം, വിശ്വാസവഞ്ചന, നഗ്നദൃശ്യമെടുത്ത് ഭീഷണി, ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടുമുള്ള ബലാല്‍സംഗം..തുടങ്ങി എ.എല്‍.എക്കെതിരെ ചുമത്തപ്പെട്ട വകുപ്പുകള്‍ അതിഗുരുതരം. പരാതിക്ക് പിന്നാലെ പാലക്കാട് വിട്ട രാഹുല്‍ വിദേശത്തേക്ക് മുങ്ങുന്നത് തടയാനായി വിമാനത്താവളത്തില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നു പൊലീസ്. എം.എല്‍.എയുടെ ഒരുവാഹനം പാലക്കാട് ഓഫിസിലുണ്ട്. മണപ്പുള്ളിക്കാവിലെ ഓഫിസും രാവിലെ തുറന്നു. രാഹുല്‍ എവിടെ എന്ന ചോദ്യം അന്തരീക്ഷത്തില്‍ നില്‍ക്കെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിലെത്തി. നവമാധ്യമത്തിലൂടെയാണ് യുവതിയെ പരിചയപ്പെട്ടെന്നും ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ജാമ്യാപേക്ഷയില്‍ വാദം. ഭീഷണപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയെന്ന വാദമടക്കം നിഷേധിച്ച രാഹുല്‍ ആരോപണങ്ങള്‍ക്ക് പിന്നില് രാഷ്ട്രീയ ഗൂഢാലോചന ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പലതട്ടിലാണ്. സസ്പെന്‍ഷനല്ല കടുത്ത നടപടി വേണ്ടിയിരുന്നുവെന്ന് രമേശ് ചെന്നിത്തല; പരാതിക്കാരിയെ പ്രകോപിപ്പിച്ചത് രാഹുലും കൂട്ടരുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍; സ്വര്‍ണക്കൊള്ള മറയ്ക്കാനുള്ള സി.പി.എം. കെണിയെന്ന് അടൂര്‍ പ്രകാശ്; നോ കമന്റ്സ് എന്ന് ആവര്‍ത്തിച്ച് വി.ഡി.സതീശന്‍ – രാഷ്ട്രീയ ആരോപിച്ചാല്‍ മറികടക്കാവുന്ന കേസോ ?