പുതിയ ഭാരവാഹിപ്പട്ടിക ആദ്യഘട്ടം പുറത്തുവന്നപ്പോള്‍ തന്നെ, അതും ജംബോ, എന്നിട്ടും.. പതിവ് തെറ്റാതെ പുകയുകയാണ് കെ.പി.സി.സി. പലവിധമാണ് അമര്‍ഷം രേഖപ്പെടുത്തലുകള്‍. കത്തുന്ന ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷാജാഥയില് വരെ അമര്‍ഷത്തിന്റെ പ്രകമ്പനം. ഇന്നലെ റാന്നിയിലെ സ്വീകരണം ഉദ്ഘാടനം ചെയ്യാനെത്തിയില്ല ചാണ്ടിഉമ്മന്. ഇന്ന് യുഡിഫ് പന്തളത്തേക്ക് നടത്തിയ പദയാത്രയിലും വിശ്വാസ സംരക്ഷണത്തിലും ഇതുവരെ കെ.മുരളീധരന്റെ സാന്നിധ്യമില്ല. വരും വരും എന്നാണ് നേതാക്കളുടെ പ്രതികരണം. മുരളിയോ മിണ്ടുന്നുമില്ല. മിണ്ടിയ ചാണ്ടി ഉമ്മന്‍ പറയുന്നു മനുഷ്യനല്ലേ, ചില വിഷമങ്ങളുണ്ടെന്ന്, എന്നാലും പാര്‍ട്ടിയാണ് വലുതെന്ന്. അബിനെയും ചാണ്ടി ഉമ്മനെയും അവഗണിച്ചത് സഭയോടുള്ള അവഗണനായി കണ്ട് ഓർത്തഡോക്സ് സഭയുടെ രൂക്ഷ വിമര്‍ശനം ഇതിനിടയ്ക്ക്. പുനസംഘടനയില്‍ ഇത്രയും തൃപ്തി മുന്‍പ് ഉണ്ടായിട്ടില്ലെന്ന് പരിഹാസ രൂപേണയുള്ള പ്രതികരിച്ച കെ.സുധാകരനെയും കണ്ടു ഇന്ന്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പക്ഷേ ഈ വാര്‍ത്തകളും ചോദ്യങ്ങളും സഹിച്ചില്ല. കോണ്‍ഗ്രസിലേക്ക് മക്രൈസ്കോപ്പ് വയ്ക്കുകയാണേല്‍ എനിക്ക് നിങ്ങളെ കാണേണ്ടെന്ന് പറഞ്ഞ് പിണങ്ങി. സിപിഎം സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണവും കോണ്‍ഗ്രസ് ജംബോ ലിസ്റ്റുംവച്ചുള്ള ആളെണ്ണത്തര്ക്കം പ്രതിപക്ഷ നേതാവും – മന്ത്രി വിശിവന്‍കുട്ടിയും എന്ന നിലയിലേക്ക് വരെ എത്തി. ജംബോ കൊണ്ടും തീരാത്ത തല്ലോ ?