മാലമോഷണക്കേസിലെ പ്രതിയെപ്പോലും ഓടിച്ചിട്ട് പിടിക്കുന്ന പൊലീസ്, ശബരിമല ശ്രീകോവിൽ സ്വർണ്ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുക്കാത്തതെന്തുകൊണ്ടാണ്? ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ തെളിവുകൾ അക്കമിട്ട് നിരത്തിയിട്ടും പോറ്റിയെ ചോദ്യം ചെയ്യാൻ പോലും പ്രത്യേക അന്വേഷണസംഘം തയ്യാറാകാത്തതെന്തുകൊണ്ടാണ്? പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുക്കാത്തത് തെളിവുകൾ നശിപ്പിക്കപ്പെടാൻ കാരണമാവില്ലെന്ന് ഉറപ്പുണ്ടോ?
ഇത്രയും ആസൂത്രിതമായി ക്ഷേത്രക്കൊള്ള നടത്തിയ പോറ്റിക്കും സംഘത്തിനും തെളിവുകൾ നശിപ്പിക്കാൻ ഈ സമയം മതിയാവില്ലേ? അതോ, മുൻകൂർ ജാമ്യം ഉൾപ്പെടെ നിയമനടപടികൾക്ക് സാവകാശം നൽകുകയാണോ? വിലപേശലിനും സമ്മർദ്ദത്തിനും അവസരമൊരുക്കുകയാണോ? പോറ്റി ഇപ്പോൾ എവിടെയാണ്? കേരളത്തിലോ, കേരളത്തിന് പുറത്തോ? അതോ രാജ്യം തന്നെ വിട്ടോ? വമ്പന്മാരെ ശബരിമല കൊള്ളയുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണിയായ പോറ്റിയുടെ ജീവന് ഭീഷണിയുണ്ടോ? എവിടെ ഉണ്ണികൃഷ്ണൻ പോറ്റി?