കുന്നംകുളത്തെ സുജിത്തില്‍ തീരുന്നതല്ല കേരള പൊലീസ് അടിച്ച് പതംവരുത്തിയ മനുഷ്യരുടെ നിര. കയ്യൂക്കും കൈക്കൂലിയുമായി ജനങ്ങള്‍ക്ക് പേടി സ്വപ്നമായി പൊലീസിലെ മാഫിയ സംഘം വിലസുമ്പോള്‍ ആഭ്യന്തരമന്ത്രിയുടെയും ഭരണകക്ഷിയുടെയും മൗനം തുടരുന്നു. ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിച്ചുവെന്ന് ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ പ്രസംഗിച്ച മുഖ്യമന്ത്രിക്ക് സ്വന്തം വകുപ്പിന്‍റെ പ്രതിച്ഛായയെക്കുറിച്ച് പ്രതികരണമില്ലേ? ഡല്‍ഹി കേരള ഹൗസിന് മുന്നിൽ മാധ്യമങ്ങളെ പരിഹസിച്ച 'ഓഹോ' പോലും മുഖ്യമന്ത്രിയിൽ നിന്ന് ഉയരുന്നില്ല. രാഹുൽ മാങ്കൂട്ടത്തലിന്‍റെ കാര്യത്തില്‍ എന്നപോലെ നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും പറഞ്ഞില്ല. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്ന ഉഗ്രശാസനയും ഇതുവരെയില്ല. സമ്പൂർണ്ണ ലോക്കപ്പ് മർദ്ദന സംസ്ഥാനമായി കേരളം മാറും വരെ മുഖ്യമന്ത്രി മൗനം തുടരുമോ? ചോദിക്കാനും പറയാനും ആരുമില്ലാത്ത ബനാനാ റിപ്പബ്ലിക്കായി മാറുമ്പോള്‍ ലോക്കപ് മര്‍ദനത്തിലും നമ്പര്‍ വണ്‍ എന്ന് അഭിമാനിക്കുന്ന് കേള്‍ക്കേണ്ടി വരുമോ?. അമേരിക്കയില്‍ പൊലീസ് ചവിട്ടിക്കൊന്ന ജോര്‍ജ് ഫ്ലോയിഡിനെക്കുറിച്ച് വേദനിച്ച സിപിഎമ്മിന് ദളിതനെ ബൂട്ടിട്ട് ചവിട്ടുന്ന കേരളത്തിലെ കുരുമുളക് സ്പ്രേ പൊലീസിനെക്കുറിച്ച് മിണ്ടാന്‍ ഭയമോ ?