രാഹുല്‍ ഗാന്ധി തൊടുത്തുവിട്ട വോട്ടുകൊള്ള പ്രശ്നം രാജ്യമാകെ ചര്‍ച്ചയായി, കേരളത്തിലും അതിന്‍റെ അലതല്ലി നില്‍ക്കുന്ന നേരത്ത്.. രാജ് ഭവനില്‍ നിന്നൊരു സര്‍ക്കുലര്‍. സംസ്ഥാനത്തെ കോളജുകളില്‍ ഇന്ന്, സ്വാതന്ത്ര്യ ദിന തലേന്ന് ഇന്ത്യ–പാക് വിഭജനത്തിന്‍റെ നോവ് അനുസ്മരിച്ച് പരാപാടികള്‍ നടത്തണം. വിഭജന ഭീതി ദിനം ആചരിക്കണം. നാടകവും കലാപരിപാടികളും നടക്കണം എന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറുടെ നിര്‍ദേശം. അതു പക്ഷേ അപ്പാടെ കേരളത്തിലെ വിദ്യാലങ്ങള്‍ തള്ളി. ഒരിടത്തും വിഭജന ഭീതി ദിനം ആചരിക്കാനായില്ല. കോഴിക്കോട് ലോ കോളജ് അടക്കം വിവിധ ഇടങ്ങളിലെ എ.ബി.വി.പി ശ്രമം എസ്.എഫ്.ഐ– കെ.എസ്‍.യു–എം.എസ്.എഫ് സംഘടനകള്‍ എതിര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ആര്‍എസ്എസ് അനുകൂല എംപ്ലോയീസ് യൂണിയൻ സെന്റര്‍ പ്രവര്‍ത്തകരുടെ നീക്കവും സംഘര്‍ഷത്തിലും പൊലീസ് ലാത്തിച്ചാര്‍ജിലും കലാശിച്ചു. ഗവര്‍ണറുടെ നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍, കഴിഞ്ഞ ദിവസം സര്‍വകലാശാലകള്‍ക്ക് നല്‍കിയ നിര്‍ദേശം സത്യത്തില്‍ ചാന്‍സിലറായ ഗവര്‍ണറുടെ സര്‍ക്കുലറിന് മീതെ നിന്നു, അത് പാലിക്കപ്പെട്ടു. 2021ലെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ ചെങ്കോട്ട പ്രസംഗത്തിലാണ് ആഗസ്റ്റ് 14ന് വിഭജനദിനം ആചരിക്കണമെന്ന ആഹ്വാനം രാജ്യം ആദ്യമായി കേള്‍ക്കുന്നത്. അത് കേരളത്തില്‍ നടപ്പാക്കാനുള്ള ഗവര്‍ണറുടെ തീരുമാനം എന്തുകൊണ്ട് എതിര്‍ക്കപ്പെടണം വിഭനജത്തിന്‍റെ മുറിപ്പാടില്‍ ഉപ്പു പുരട്ടുകയാണോ ? എന്തിന് വേണ്ടി ? വിദ്വേഷമോ ഉദ്ദേശ്യം?