‘സിസ്റ്റത്തിൻറെ പ്രശ്നം’ ആരോഗ്യ, ഉന്നതവിദ്യാഭ്യാസ, വിദ്യാഭ്യാസ, വൈദ്യുതി വകുപ്പുകൾ പിന്നിട്ട് ആഭ്യന്തര (ജയിൽ) വകുപ്പിലേക്കും എത്തിയിരിക്കുന്നു. കേരളം കണ്ട അതിക്രൂരമായ, തീവണ്ടിയിലെ ബലാൽസംഗക്കൊലയിലെ കൊടുംകുറ്റവാളി, കണ്ണൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ ബ്ലോക്കിൽ നിന്ന് അനായാസം രക്ഷപ്പെട്ടതാണ് ഇന്നത്തെ ഒറ്റപ്പെട്ട വീഴ്ച.
തീവണ്ടിയിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കേരളം അമ്പരപ്പോടെ തിരിച്ചറിഞ്ഞ നിഷ്ഠൂര കുറ്റകൃത്യത്തിൽ ജീവപര്യന്തം തടവിൽ കഴിയേണ്ട കുറ്റവാളിയാണ്, അവിശ്വസനീയമെന്ന തോന്നുന്ന തരത്തിൽ ജയിൽ ചാടിയത്. രാഷ്ട്രീയപാർട്ടികളുടെ ക്വട്ടേഷൻ സംഘങ്ങൾ വാഴുന്ന ജയിലിൽ, ഗോവിന്ദച്ചാമി അഴിമുറിച്ച് പുറത്തിറങ്ങിയിട്ടും പിന്നീട് വന്മതിൽ ചാടിക്കടന്നിട്ടും മണിക്കൂറുകൾ ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞില്ലത്രെ.
പിന്നീട് പൊലീസിനെ അറിയിച്ച് നടത്തിയ പരിശോധനയിലും ഗോവിന്ദച്ചാമിയുടെ സഞ്ചാരപഥം കണ്ടെത്തിയില്ല. ഒടുവിൽ ജാഗരൂരകരായ പൊതുജനം തന്നെ കണ്ടെത്തിക്കൊടുത്തു നമ്പർ വൺ കെ ജയിൽ ചാടിയ കുറ്റവാളിയെ. സിസ്റ്റത്തിൻറെ പ്രശ്നം തീർക്കാൻ ഒടുവിൽ ജനം തന്നെ ഇറങ്ങേണ്ടി വരുമോ?