ഇല്ലത്ത് നിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന നിലയിലാണ് ഇപ്പോള്‍ പി.വി അന്‍വര്‍. കാലുപിടിച്ച് കെഞ്ചുമ്പോഴും കോണ്‍ഗ്രസില്‍ ചിലര്‍ മുഖത്ത് ചവിട്ടുന്നു എന്ന അന്‍വറിന്‍റെ വാക്ക് അയാളുടെ രാഷ്ട്രീയ നിസഹായത തുറന്നുകാട്ടുന്നു. സ്ഥാനാര്‍ഥിയെ അപമാനിച്ച് പറഞ്ഞ വര്‍ത്താനം തിരുത്താതെ ‘നോ കോംപ്രമൈസ് ’ എന്ന നിലപാടില്‍ തുടരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനോടാണ് അന്‍വറിന്‍റെ അരിശം. തന്‍റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ഇന്നും വി.ഡി.സതീശന്‍ ആവര്‍ത്തിച്ചു. അതേ നേരത്ത് കെ.സുധാകരനും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും അടക്കം പ്രധാന നേതാക്കള്‍ അന്‍വറിനായി രക്ഷാപ്രവര്‍ത്തനം തുടരുന്നതാണ് കോണ്‍ഗ്രസിലെ മറ്റൊരു കാഴ്ച. ഏതായാലും, താന്‍ കത്രികപ്പൂട്ടിനുള്ളിലാണ് എന്ന് ഉച്ചയ്ക്ക് പറഞ്ഞ അന്‍വറിന് വൈകീട്ട് കെ.സി. വേണുഗോപാലിന്‍റെ പ്രതികരണം കേട്ടപ്പോള്‍ അല്‍പം ആശ്വാസം. അന്‍വറിനെ ഒറ്റപ്പെടുത്തില്ലെന്നു കെ.സി. – ചുരുക്കത്തില്‍, അന്‍വറിസത്തോട് അയഞ്ഞു അടുത്തും മുറുകിയും പലതട്ടിലാണ് കോണ്‍ഗ്രസ്. അപ്പോള്‍ ആര് രക്ഷിക്കും?