80ആം വയസ്സിൽ ഒമ്പതാം വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുകയാണ് പിണറായി വിജയൻ. ക്യാപ്റ്റൻ എന്നും കാരണഭൂതൻ എന്നും അണികളും ആരാധകരും വിളിക്കുമ്പോൾ രാഷ്ട്രീയ എതിരാളികൾക്ക് കാണപ്പെട്ട ശത്രുവാണ് പിണറായി വിജയൻ. മൂന്നാം പിണറായി സർക്കാർ വരുമെന്ന് ഇടതുപക്ഷവും ഇടതു ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതായിരിക്കും പിണറായി കാലമെന്ന് രാഷ്ട്രീയ എതിരാളികളും പറയുന്നു. ശത്രുക്കളും മിത്രങ്ങളുമല്ല മറിച്ച് നിക്ഷ്പക്ഷരായ ജനമാണ് ഒരു ഭരണാധികാരിയെ വിലയിരുത്തേണ്ടത്. പ്രചാരവേലകള്‍ക്കപ്പുറം വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍, വികസനം യാഥാര്‍ഥ്യമാക്കാന്‍, വിദ്യാഭ്യാസ ആരോഗ്യ നിലവാരമുയര്‍ത്താന്‍, അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കാന്‍ ഈ സര്‍ക്കാരിനായോ എന്നതാണ് ചോദ്യം. ഇക്കാര്യങ്ങളിലെല്ലാം എവിടെ നില്‍ക്കുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വം. ഒരു വര്‍ഷത്തിനപ്പുറം തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തിന്‍റെ നായകനായി പിണറായി വിജയന്‍ തുടരുമോ?