Untitled design - 1

മുഖ്യമന്ത്രിക്ക് ഏറ്റുവാങ്ങേണ്ടി വന്ന ചരിത്രപരമായ പരാജയത്തിന്റെ പാവന സ്മരണക്ക് ഈ ചിത്രം സമർപ്പിക്കുകയാണെന്ന ക്യാപ്ഷനോടെ പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് പിവി അന്‍വര്‍. കേരളം ജനാധിപത്യത്തിലും മതേതരത്വത്തിലുമാണ് വിശ്വസിക്കുന്നതെന്നും ഇതോടൊപ്പം അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

സംസ്ഥാന സർക്കാർ പാവങ്ങളുടെ കണ്ണീരൊപ്പാൻ പെൻഷൻ വർധിപ്പിച്ചത്‌ ചെറിയ കാര്യമല്ലെന്നും, ഖജനാവിൽ സമ്പത്ത്‌ ഇല്ലാത്തപ്പോൾ പോലും പെൻഷൻ വർധിപ്പിച്ച്‌ നൽകാനുള്ള പിണറായി സര്‍ക്കാരിന്‍റെ ഇച്‌ഛാശക്‌തി അഭിനന്ദനാർഹമാണെന്നും ഇലക്ഷന് മുമ്പ് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു. 

എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള പെന്‍ഷന്‍ വര്‍ധനവ് വോട്ടായി മാറിയില്ലെന്ന് മാത്രമല്ല, എല്‍ഡിഎഫിന് വലിയ തിരിച്ചടി ഉണ്ടാവുകയും ചെയ്തു.  തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിന് അനുകൂലമായി പെന്‍ഷന്‍ വിഷയത്തില്‍ ഉള്‍പ്പടെ പ്രതികരിച്ച വെള്ളാപ്പള്ളിയുടെ പ്രതികരണം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വലിയ ചര്‍ച്ചയായി.  ഇലക്ഷന് മുന്നെ വെള്ളാപള്ളി, റിസല്‍ട്ടിന് ശേഷം മണിയാശാന്‍, പത്ത് വര്‍ഷം നാട് ഭരിച്ച പാര്‍ട്ടിയുടെ ഗതികേട് അവര്‍ തന്നെ വെളിപ്പെടുത്തിത്തന്നുവെന്ന തരത്തിലാണ് പെന്‍ഷന്‍ വര്‍ധനവിനെപ്പറ്റിയുള്ള സോഷ്യല്‍ മീഡിയ കമന്‍റുകള്‍. 

സംസ്ഥാന സർക്കാർ വളരെയധികം വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും പാവങ്ങളുടെ കണ്ണീരൊപ്പാൻ പെൻഷൻ വർധിപ്പിച്ചത്‌ ചെറിയ കാര്യമല്ലെന്നുമാണ് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ഖജനാവിൽ സമ്പത്ത്‌ ഇല്ലാത്തപ്പോൾ പോലും അത്‌ സമാഹരിച്ച്‌ പെൻഷൻ വർധിപ്പിച്ച്‌ നൽകാനുള്ള ഇച്‌ഛാശക്‌തി സർക്കാർ കാണിച്ചത്‌ അഭിനന്ദനാർഹമാണും സര്‍ക്കാരിനെ പുകഴ്ത്തി അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വർഗീയത പേറുന്ന വെള്ളാപള്ളിയെ പേറിയാല്‍  ജനങ്ങളൊപ്പമുണ്ടാകില്ലെന്നാണ്  സോഷ്യല്‍മീഡിയയിലെ പ്രതികരണങ്ങള്‍.  വെള്ളാപ്പള്ളി വായ തുറന്നാൽ ഉള്ള വോട്ടും പോകും, വെള്ളാപ്പള്ളിയെ വച്ച് വർഗീയത കത്തിച്ചുള്ള ഇടപെടൽ‌  പാർട്ടിക്ക് പാരയായി തുടങ്ങിയെന്നും ചിലര്‍ പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണുണ്ടായത്. ഉറച്ച കോട്ടകള്‍ പലതും കൈവിട്ടു. അഞ്ചുകോര്‍പ്പറേഷനുകളില്‍  ഭരണം കയ്യാളിയിരുന്ന  എല്‍ഡിഎഫിന് ഇക്കുറി നിലനിര്‍ത്താനായത് കോഴിക്കോട് മാത്രമാണ്.  ഗ്രാമാ ജില്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ വന്‍തോതില്‍ കൈവിട്ടു.

ENGLISH SUMMARY:

Kerala Politics is facing significant shifts. Recent election results have sparked debates about the LDF's performance and the impact of figures like Vellappally Natesan on public sentiment.