എൻ.എസ്.എസുമായി മാത്രമുള്ള ഐക്യമല്ല എസ്.എൻ.ഡി.പി യോഗം ലക്ഷ്യമിടുന്നതെന്ന് എന്‍എല്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മയാണത്. ഈ തീരുമാനം കഴിഞ്ഞദിവസമുണ്ടായതല്ലെന്നും വർഷങ്ങൾക്കു മുമ്പേയെടുത്തതാണെന്നും വെള്ളാപ്പള്ളി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മുസ്ലിം സമുദായത്തിന് താൻ ഒരിക്കലും എതിരല്ല. കൂടെക്കൂട്ടി ചതിച്ചതിനാലാണ് മുസ്ലിം ലീഗിനെതിരെ പറഞ്ഞത്. താൻ പറഞ്ഞത് സത്യമോ അസത്യമോ എന്ന് തെളിയിക്കാൻ സംവാദത്തിന് ഞങ്ങൾ തയ്യാറാണ്. ഞാൻ വർഗ്ഗീയവാദിയാണോ അല്ലയോ എന്നതല്ല ചർച്ച ചെയ്യേണ്ടത്. പറഞ്ഞ വിഷയം ആണ് ചർച്ച ചെയ്യപ്പെടേണ്ടത്, അതിലെ ശരിയും തെറ്റുകളും എന്ത് എന്ന് ഉയർന്നു വരണം.
തന്റെ ചോരയ്ക്കുവേണ്ടി കള്ളത്തരങ്ങൾ പ്രചരിപ്പിച്ചവർക്കും റേറ്റിംഗ് കൂട്ടാൻ അസത്യങ്ങൾ പ്രചരിപ്പിച്ച ചാനലുകാർക്കും ഉള്ള മറുപടിയാണ് പത്മഭൂഷൺ അംഗീകാരം. കള്ളന്മാരുടെ പിന്തുണയിലുള്ള ചാനൽ വരെ തനിക്കെതിരെ കള്ളങ്ങൾ പ്രചരിപ്പിച്ചു. അതിനെയെല്ലാം അതിജീവിച്ചതും അതിജീവിച്ചു കൊണ്ടിരിക്കുന്നതും സമുദായം നൽകുന്ന കരുത്തിലാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.