ഭരണവര്‍ഗം മാത്രമല്ല കേരള മനസാക്ഷിയൊന്നാകെ ലജ്ജിച്ച് തലതാഴ്ത്തണം ബിന്ദു എന്ന വീട്ടമ്മയുടെ ഉള്ള്പൊള്ളിയുള്ള വാക്ക് കേട്ടാല്‍. കള്ളിയാക്കാന്‍ നോക്കിയതും കള്ളക്കേസില്‍ കുടുക്കിയതും തന്റെ ജാതിയും നിറവും കണ്ടാണെന്ന് അവര്‍ പറയുമ്പോള്‍ വീണ്ടു പ്രബുദ്ധകേരളത്തിന്‍റെ കള്ളി വെളിച്ചത്താവുന്നു, മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലിസ് ഒരച്ഛനേയും മകളേയും ആക്ഷേപിച്ചത് നാം മറന്നിട്ടില്ല. ഉന്നത ശ്രേണിയിലുള്ള ഐഎഎസ്ക്കാരും സെലിബ്രിറ്റികളും നിറത്തിന്‍റെ പേരില്‍ അവഹേളനം നേരിട്ടാല്‍ എതിര്‍ക്കാന്‍ പാര്‍ട്ടി സെക്രട്ടറി മുതല്‍ മുഖ്യമന്ത്രി വരെ ചാടിയിറങ്ങും. ആക്ഷേപിക്കപ്പെട്ടത് ബിന്ദുവെന്ന വീട്ടുജോലിക്കാരിയായാല്‍ ആരും അറിയില്ല. ബിന്ദുവിന്‍റെ പരാതി പൊലിസ് പൂഴ്ത്തിവച്ചത് മൂന്നാഴ്ചയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ബിന്ദുവിന് പുറത്തേക്കുള്ള വഴിയാണ് കാണിച്ചത്. കോളനിയുടെ പേരില്‍ ഉന്നതിയെന്ന് എഴുതിയാല്‍ ദലിത് ഉന്നമന്നമാവില്ല. നവകേരളത്തിന്‍റെ ഒന്‍പതാം വര്‍ഷത്തില്‍ ഭരണക്കാര്‍ ദലിതരോട് ജാതി വിഭാഗത്തിന്‍റെ അധികാരലാത്തി കാട്ടുന്നത് എന്നവസാനിക്കും?