സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ ലഹരിക്കെതിരായ പോരാട്ടത്തിലാണ് കേരളം. എക്സൈസും പൊലീസും ശക്തമായ പരിശോധനകളുമായി മുന്നോട്ടുപോകുമ്പോള്‍ വലയിലാവുന്നത് ചെറിയ പുള്ളികളല്ല. പുതുതലമുറയെ ആരാധകരാക്കി മാറ്റിയ പ്രതിഭകളായ കാലാകാരന്‍മാരാണ് ലഹരിയുമായി ഈ ദിവസങ്ങളില്‍ കുടുങ്ങിയത്. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ഇന്നലെ പിടിയിലായപ്പോള്‍, ഇന്ന് വലയിലായത് വേടനെന്ന പേരില്‍ ആരാധകരില്‍ ആവേശം വിതറുന്ന റാപ്പറും കൂട്ടാളികളുമാണ്. മറ്റൊരിടത്ത്, ഹൈബ്രിഡ് കഞ്ചാവുകേസില്‍ എക്സൈസിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയാണ് ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും. സിനിമ നടന്‍മാരും സംവിധായകരും പ്രതികളാകുന്ന ലഹരിക്കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ കൊച്ചിയിലെ സിനിമ സങ്കേതങ്ങളില്‍ സംയുക്ത പരിശോധനയ്ക്കൊരുങ്ങുകയാണ് അന്വേഷണ ഏജന്‍സികള്‍. കൗണ്ടര്‍ പോയിന്‍റ് ചോദിക്കുന്നു. അന്വേഷണവഴിയില്‍ കുടുങ്ങുന്നതാരെല്ലാം?