ബോണ്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാനോ ശ്രമം? വാദിയെ പ്രതിയാക്കുന്നോ ബി.ജെ.പി?

കേജ്രിവാളിന്‍റ അറസ്റ്റിനുപിന്നാലെ, ബിജെപിക്കെതിരെ എഎപി നേതൃത്വം ഇന്ന് ഏറ്റുപിടിച്ച  ചോദ്യം വസ്തുകളാല്‍ ബലമുള്ളതും പ്രസക്തവുമാണ്. കെജ്രിവാള്‍ അകത്ത് കിടക്കുന്ന ഇതേ മദ്യഅഴിമതിക്കേസില്‍ ആദ്യം പ്രതിയായിരുന്ന പി.ശരത്ചന്ദ്ര റെഡ്ഡി എന്ന ബിസിനസുകാരന്‍, കോടികള്‍ ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടു നല്‍കിയതിന് പിന്നാലെ കേസിലെ മാപ്പുസാക്ഷിയായി മാറി.

അവിടെ തീരുന്നില്ല, നെഹ്റു കുടുംബത്തിനെതിരെ ബി.ജെ.പി ആയുധമാക്കിയ റോബര്‍ട്ട് വാധ്ര-DLF ഭൂമി അഴിമതിക്കേസും ഇലക്ടറല്‍ ബോണ്ടിലൂടെ ഒത്തുതീര്‍ത്തുവെന്ന് ആരോപണം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന 41 കമ്പനികള്‍ നിന്നായി ബിജെപി പറ്റിയത് 2,471 കോടി. ആന്ധ്രയിലെ BJP എം.പിയുടെ കമ്പനി കോണ്‍ഗ്രസിനും നല്‍കി 30 കോടി. 

അങ്ങനെ ബോണ്ട് രഹസ്യങ്ങള്‍ പലതും പുറത്തായി. എങ്കിലും എല്ലാ വിവരവും കൈമാറാമെന്നും ഇലക്ട്രല്‍ ബോണ്ടില്‍ സമഗ്ര–കോടതി മേല്‍ നോട്ട അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ഇന്ന് ആവശ്യപ്പെട്ടു.  അഴിമതി വിരുദ്ധതയിലെ അടങ്ങാത്ത ആത്മാര്‍ഥതയോ കേജ്‍രിവാളിന്‍റെ അറസ്റ്റിന് പിന്നില്‍ ? ഇലക്ട്രോറല്‍ ബോണ്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാനോ?