ഈ 'പിടിച്ചുപറി'ക്ക് ധൈര്യം എവിടെ നിന്ന്? ഇന്ധന വില കൂട്ടിയതിൽ ന്യായമെന്ത്?

അടുത്ത സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിനെക്കുറിച്ച് മിനിഞ്ഞാന്ന് വൈകിട്ട് കേരളത്തിന്റെ ധനമന്ത്രി ഇങ്ങനെ പറഞ്ഞു. നിരാശാജനകം, കേരളത്തോട് ക്രൂരമായ അവഗണന. എങ്കില്‍ ഇന്ന് അതേ ധനമന്ത്രി അദ്ദേഹത്തിന്റെ ഊഴത്തില്‍ അതേ കേരളജനതയോട് പറയുന്നത് എന്താണ്? നല്‍കുന്നത് എന്താണ്? പെട്രോള്‍ ഡീസല്‍ വില ലീറ്ററിന് രണ്ടുരൂപവച്ച് കൂടും. ഭൂമി ന്യായവിലയില്‍ വര്‍ധന 20ശതമാനംവരെ. കെട്ടിടനികുതിയിലും ഫ്ലാറ്റുകളുടെയും അപാര്‍ട്ട്മെന്റുകളുടെയും മുദ്രവിലയിലും വര്‍ധന. വാണിജ്യ വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവയില്‍ വര്‍ധന. മദ്യത്തിന് നാല്‍പത് രൂപവരെ കൂടും. എന്നാല്‍ നാളിതുവരെ ഒരു ബജറ്റിലും ഒഴിവാക്കാത്ത ഒരു വര്‍ധന മന്ത്രി ഉപേക്ഷിച്ചു. ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല. എന്നുമാത്രമല്ല, അത് മുടങ്ങാതിരിക്കാനാണ് പെട്രോളിനും ഡീസലിനുംമീതെ സാമൂഹ്യസുരക്ഷാ സെസ് എന്നുകൂടി മന്ത്രി പറഞ്ഞുവച്ചു. കേന്ദ്രത്തിന്റെ നിലപാടുകള്‍മൂലമാണ് ഈ നിലവന്നത് എന്നും മന്ത്രി. തൃപ്തികരമോ ന്യായം? അംഗീകരിക്കാവുന്നതോ സമീപനം?