എകെജി സെന്‍റര്‍ ആക്രമിച്ചതാര്? വിവാദങ്ങള്‍ വഴിമാറ്റേണ്ടത് ആര്‍ക്ക്?

കേരളരാഷ്ട്രീയം ഈ ദിവസങ്ങളില്‍ കടന്നുപോകുന്നത് ഏറ്റുമുട്ടലിന്റെ പാതയിലൂടെയാണ്. വാക്കുകള്‍ കൊണ്ടുള്ള ക്രിയാത്മക ഏറ്റുമുട്ടല്‍ ജനാധിപത്യമാണ്, അതിന്റെ സവിശേഷഭാഗമാണ്. ഇതുപക്ഷെ അങ്ങനെയല്ല. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായത്, അതിനുശേഷം സിപിഎമ്മിനും കോണ്‍ഗ്രസിനും ഇടയില്‍ തെരുവില്‍ സംഭവിച്ചത്, കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിക്കപ്പെട്ടത്, പിന്നെയും തെരുവിലെ സംഘര്‍ഷം. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി പതിനൊന്നിനുശേഷം സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസ്, എകെജി സെന്റര്‍ ആക്രമിക്കപ്പെടുന്നത്. ഇരുചക്രവാഹനത്തിലെത്തിയ ആള്‍ ഓഫിസിനുനേരെ സ്ഫോടകവസ്തു വലിച്ചെറിയുന്നു. അത് പൊട്ടുന്നു. ഗുരുതരമായ സാഹചര്യമാണ്. പക്ഷെ മണിക്കൂറിത്ര കഴിഞ്ഞിട്ടും ആരാണ് അക്രമിയെന്ന് പൊലീസിന് വ്യക്തതയില്ല. അറസ്റ്റില്ല. സംഭവത്തിന് തൊട്ടുപിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നു, കോണ്‍ഗ്രസാണ് പിന്നിലെന്ന്. അതേവലുപ്പത്തിലല്ലെങ്കിലും ഇന്നും പലവട്ടം ഇ.പി.ജയരാജന്‍ അതാവര്‍ത്തിച്ചു. ജയരാജന്റെ നാടകമാണ് കണ്ടതെന്ന് കോണ്‍ഗ്രസിന്റെ മറുപടി. അപ്പോള്‍ പ്രതികരണങ്ങള്‍ക്കപ്പുറം പ്രതി എവിടെ?