ജനവിധിയെ ആരാണ് ഭയക്കുന്നത്?; തൃക്കാക്കരയില്‍ രാഷ്ട്രീയം പറയാനില്ലേ?

തൃക്കാക്കരയിലാണ് കേരളം. നൂറടിക്കുമോ നിലനിര്‍ത്തുമോയെന്ന രാഷ്ട്രീയചോദ്യത്തിന് ഉത്തരം തേടുന്ന ജനവിധി. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരുമെല്ലാം എല്‍ഡിഎഫിനായി മണ്ഡലത്തില്‍ത്തന്നെ. എല്ലാ ആയുധവുമെടുത്ത് യുഡിഎഫും. അതിനിടയിലാണ് മുഖ്യമന്ത്രിയെ കെ.സുധാകരന്‍ അധിക്ഷേപിച്ചു എന്ന വിവാദത്തിന്റെ തുടക്കം. ചങ്ങലയില്‍നിന്ന് പൊട്ടിവന്ന നായയെ പോലെയല്ലേ മുഖ്യമന്ത്രി വരുന്നത്, ചങ്ങല പൊട്ടിയാല്‍ പട്ടിയെങ്ങനെയാ വരുക,, അതുപോലെയല്ലേ വരുന്നത്? നിയന്ത്രിക്കാന്‍ ആരെങ്കിലുമുണ്ടോയെന്നും കെ.സുധാകരന്‍. വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഇന്ന് കെ.സുധാകരന്‍ വിശദീകരിക്കുന്നു, അത് മലബാറിലെ ഒരു നാട്ടുശൈലിമാത്രമെന്ന്. മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും കെ.സുധാകരന്‍. ഇത് യുഡിഎഫിന്റെ പൊതുസമീപനമാണ് എന്ന ആക്ഷേപവുമായാണ് സിപിഎം ഇന്ന് രംഗത്തുവന്നത്. പൊതുസമൂഹം മറുപടി നല്‍കുമെന്നും സിപിഎം. മുഖ്യമന്ത്രി തൃക്കാക്കരയില്‍ ക്യാംപ് ചെയ്യുന്നത് ഭയംകൊണ്ടെന്ന് ഉമ്മന്‍ചാണ്ടി. അപ്പോള്‍ തൃക്കാക്കരയില്‍ രാഷ്ട്രീയം പറയാനില്ലാത്തത് ആര്‍ക്കാണ്?