വീണ്ടും മതം പറഞ്ഞ് കോടിയേരി; വിശദീകരിച്ചപ്പോൾ വ്യക്തമായോ?

സിപിഎം സംസ്ഥാന സെക്രട്ടറി മിനിഞ്ഞാന്ന് പാറശാലയില്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ സമാപനത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇന്നലെത്തന്നെ വലിയ ചര്‍ച്ചയായി. കോണ്‍ഗ്രസിനെതിരായ ആ വാക്കുകളെ വിമര്‍ശനമായിപ്പോലും കാണാനാകുമോ? സിപിഎം നിലപാടിന് നിരക്കുന്നതോ എന്നതടക്കം ചോദ്യങ്ങള്‍ ഉയര്‍ന്നു. വര്‍ഗസമരം വിട്ട് സിപിഎം വര്‍ഗീയ സമരം തുടങ്ങിയെന്ന് യുഡിഎഫ് ആക്ഷേപിച്ചു. ഇന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്റെ വാക്കുകളില്‍ ഉറച്ചുകൊണ്ട് പറഞ്ഞതാണ് തുടക്കത്തില്‍ കേട്ടത്. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷങ്ങളില്‍നിന്ന് ആരുമില്ല എന്നത് ദേശീയതലത്തിലെ കോണ്‍ഗ്രസ് നിലപാടിന്റെ പ്രതിഫലനമാണ്. ഞാന്‍ പറഞ്ഞതിനെക്കുറിച്ച് ഗുലാം നബി ആസാദിനോടും സല്‍മാന്‍ ഖുര്‍ഷിദിനോടും ചോദിക്കൂ എന്ന് കോടിയേരി. എന്നിട്ട് അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു. ദേശീയ തലത്തില്‍ 2004 പോലൊരു സ്ഥിതിവേണം. അന്ന് കേരളത്തില്‍ ഇരുപതില്‍ പതിനെട്ട് സീറ്റ് എല്‍ഡിഎഫ് നേടി. ഇത്തവണ 20ല്‍ ഇരുപതും ജയിക്കണം. അതുവഴിയേ ബിജെപിയെ പുറത്താക്കാന്‍ പറ്റൂ. അപ്പോള്‍ വിശദീകരിച്ചപ്പോള്‍ വ്യക്തമായതെന്താണ്?