മുഖ്യമന്ത്രി പീഡന പരാതി 'നല്ല നിലയിൽ' തീർത്തോ?

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ഒതുക്കാന്‍ ശ്രമിച്ച എ.കെ.ശശീന്ദ്രന്‍ മന്ത്രിയായി സഭയിലുണ്ടാകരുതെന്നാണ് പ്രതിപക്ഷം നിലപാടെടുത്തത്. ഇന്നും മന്ത്രിയായിത്തന്നെ ശശീന്ദ്രന്‍ സഭയിലുണ്ടായിരുന്നു. അദ്ദേഹത്തിന് തെറ്റൊന്നും പറ്റിയില്ലെന്ന ക്ലീന്‍ ചിറ്റുകൊടുത്ത് മുഖ്യമന്ത്രിയും. എന്‍സിപിക്കാര്‍ തമ്മിലെ പ്രശ്നമെന്ന് കരുതിയാണ് മന്ത്രി ഇടപെട്ടതെന്നും പരാതിയില് കേസെടുക്കാന്‍ വൈകിയ പൊലീസിന് വീഴ്ചപറ്റിയെന്നും മുഖ്യമന്ത്രി. പൊലീസിന്റെ ഭാഗം ഡിജിപി അന്വേഷിക്കും. അതിനപ്പുറം ഒന്നും ആവശ്യമില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. വൈകി ഇടപെട്ട പൊലീസ് ഇന്ന് പരാതിക്കാരുടെ മൊഴിയെടുത്തു. മന്ത്രിക്കെതിരെയും മൊഴി നല്‍കി എന്നാണ് മനസിലാക്കുന്നത്. സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം മന്ത്രിയുടെ രാജിക്കായി ശബ്ദമുയര്‍ത്തി. ഏറ്റവും ഒടുവില്‍വന്നത് എന്‍സിപിയില്‍നിന്നുണ്ടാകുന്ന ഒരു നടപടിയാണ്. ആരോപണവിധേയനായ എന്‍സിപി നിര്‍വാഹക സമിതിയംഗം ജി.പത്മാകരനെ സസ്പെന്‍ഡ് ചെയ്തു. ചോദ്യമിതാണ്, ഉത്തരവാദിത്തം പത്മാകരന്‍ വരെമാത്രമോ? മറ്റെല്ലാം നല്ലനിലയില്‍ തീര്‍ത്തോ?