ഓക്സിജൻ ക്ഷാമമെന്ന് ആശുപത്രികൾ; പ്രതിരോധം ശക്തിപ്പെടുത്തേണ്ടത് എവിടെ?

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്നു മുതല്‍ കേരളം സമ്പൂര്‍ണ അടച്ചിടലിലേക്ക് കടന്നു. കോവിഡ് രോഗിയെ ബൈക്കില്‍ കൊണ്ടുപോകുന്നതിന്‍റെ ശരിതെറ്റുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നാം പോരടിക്കുമ്പോള്‍ മുഖ്യമന്ത്രി ഇന്ന് കോവിഡ് പ്രതിരോധരംഗത്തെ ചില പോരായ്മകളെക്കുറിച്ച് ഇന്ന് തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളെ ഓര്‍മിപ്പിച്ചു. ആംബുലന്‍സിന് പകരമല്ല ബൈക്ക്. ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ തയാറാക്കി നിര്‍ത്തണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വീടുകളില്‍ നിന്നുള്ള രോഗികളെയും വേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് തയാറാക്കണമെന്ന് നിര്‍ദേശിച്ചു. കോവിഡ് പ്രാഥമിക ചികില്‍സാകേന്ദ്രങ്ങളില്‍ ഭക്ഷണം പോലും എത്താത്ത സ്ഥിതിയുമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത് ഗൗരവതരമായ കാര്യമാണ്. വാര്‍ഡ് തലസമിതികളുടെ രൂപീകരണത്തിന് നിയും തയാറാവാത്ത തദ്ദേശസ്ഥാപനങ്ങളുടെ പേര് അദ്ദേഹം എണ്ണിപ്പറഞ്ഞു. കോവിഡ് പ്രതിരോധം ശക്തിപ്പെടേണ്ടത് എവിടെ?