ബന്ധുനിമയനത്തിന് പച്ചക്കൊടി; മുഖ്യമന്ത്രി ജലീലിന്റെ കൂട്ടുപ്രതിയോ..?

ബന്ധുനിയമനവിവാദത്തില്‍ ഇ.പി ജയരാജന്‍റെ രാജി ചോദിച്ച് വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധുനിയമനത്തെ ഇങ്ങനെ ന്യായീകരിച്ചത്.  ഇ.പി ജയരാനെന്ന മുതിര്‍ന്ന സിപിഎം നേതാവിനെ മന്ത്രിസഭയുടെ മധുവിധുകാലത്തു തന്നെ പുറത്താക്കിയ മുഖ്യമന്ത്രി ജലീലിന്‍റെ കാര്യത്തില്‍ മൗനം പാലിക്കുന്നതെന്ത് ? ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി  കെ.ടി ജലീലിന്‍റെ ബന്ധു കെ.ടി.അദീബിനെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നതു തന്നെ മുഖ്യകാരണം.  അദീബിന്‍റെ നിയമനത്തില്‍ വകുപ്പ് സെക്രട്ടറിക്കടക്കമുള്ള വിയോജിപ്പ് മറികടക്കാന്‍ ജലീലിന് സാധിച്ചത് സാക്ഷാല്‍ മുഖ്യമന്ത്രിയുടെ പിന്തുണയോടെയായിരുന്നു.  നിയമനത്തിനുള്ള യോഗ്യതാ മാറ്റത്തിന് പച്ചക്കൊടി കാട്ടിയത് മന്ത്രിസഭാ തലവനായ മുഖ്യമന്ത്രിയാണ്. ഇതേ മുഖ്യമന്ത്രിയോടാണ് അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയ ജലീലിന പുറത്താക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചിരിക്കുന്നത്. ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയോ ?