സ്വപ്നയുടെ ശബ്ദം ആര് അന്വേഷിക്കണം? പ്രതിരോധത്തിലാകുന്നത് ആര്?

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദരേഖ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരമായില്ല. എങ്ങനെയാണ് ആ ശബ്ദരേഖ പുറത്തുവന്നത്? അതവര്‍ എവിടെവച്ച് ആരോട് സംസാരിച്ചതാണ്? അതില്‍ പറയുന്ന അന്വേഷണ ഏജന്‍സിയേതാണ്? അവര്‍ ആരോപിക്കുന്നപോലെ ആ ഏജന്‍സി സ്വപ്നയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയോ മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാന്‍? വ്യക്തതവേണം എല്ലാത്തിനും. സ്വപ്ന ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അപ്പോള്‍ ആദ്യം ഉത്തരം പറയേണ്ട ജയില്‍ വകുപ്പ് പറയുന്നു, ശബ്ദം സ്വപ്നയുടേതിന് സമാനമാണ്. മറ്റ് കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കണം. അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇഡിയെന്ന് ശബ്ദത്തിലില്ല എങ്കിലും ഇഡി പറയുന്നു വിശദമായി അന്വേഷിക്കണം. സംസ്ഥാനത്തെ പ്രതിപക്ഷം പറയുന്നു, കേന്ദ്ര ഏജന്‍സിതന്നെ അന്വേഷിക്കണം. സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നു, പരിശോധിക്കട്ടെ, പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന്. അപ്പോള് പരിശോധിക്കേണ്ടതും കണ്ടെത്തേണ്ടതും എന്താണ്? അതാരാണ് ചെയ്യേണ്ടത്?