കോവിഡില്ലാരേഖയില്‍ ഉറച്ച് കേരളം; പ്രവാസികള്‍ എന്തുചെയ്യണം?

ഉറവിടം അറിയാത്ത രോഗികള്‍ കൂടുകയും അങ്ങനെയുള്ളവരില്‍ ചിലര്‍ മരിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ ഈ കാഴ്ച പതിവായിക്കഴിഞ്ഞു. കോവിഡിനെയൊന്നും ഓര്‍ക്കാതെയുള്ള സമരരീതികള്‍. അതിന്റെ ശരിതെറ്റിലേയ്ക്കല്ല കൗണ്ടര്‍പോയന്റ് പോകുന്നത്. മറിച്ച് ഇന്നീ കണ്ട സമരം ഉന്നയിക്കുന്ന പ്രശ്നത്തിലേക്കാണ്. ഗള്‍ഫില്‍നിന്നുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കോവിഡില്ലാ എന്ന രേഖ നിര്‍ബന്ധമാക്കിയതിന് എതിരായ പ്രതിഷേധങ്ങളില്‍ ഒന്നുമാത്രമാണിത്. സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം മനുഷ്യത്വരഹിതമാണെന്ന് പ്രതിപക്ഷം ഒന്നടങ്കം. 

എന്തുകൊണ്ടാണ് ഗള്‍ഫിനുമാത്രമായി ഈ നിബന്ധന? യുഎഇയും ഖത്തറും ഒഴികെ സൗദിയടക്കം രാജ്യങ്ങളില്‍ സംസ്ഥാനം നിര്‍ബന്ധം പിടിക്കുന്ന പരിശോധനയ്ക്ക് സംവിധാനം ഇല്ലെന്നിരിക്കെ ഇവിടങ്ങളിലെ മലയാളികള്‍ എന്തുചെയ്യണം? ആഭ്യന്തരവിമാനങ്ങളിലും ട്രെയിനുകളിലുമായി നിരവധിപേരെത്തുമ്പോള്‍ അവര്‍ക്കില്ലാത്ത നിബന്ധന പ്രവാസികള്‍ക്കുമേല്‍ വയ്ക്കുന്നതെന്തുകൊണ്ട്?