കോവിഡ് വ്യാപനം; ആരോഗ്യമേഖല കിതയ്ക്കുന്നോ ?

സാമൂഹ്യഅകലം കര്‍ശനമായി പാലിക്കേണ്ട കാലത്ത് ഒട്ടും ആശ്വാസ്യകരമായ രംഗമല്ല ഈ കണ്ടത്. കോവിഡ് പ്രതിരോധത്തിലെ സര്‍ക്കാര്‍ വീഴ്ചയ്ക്കെതിരെ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ഇത്തരമൊരു സമരം അരങ്ങേറിയോ എന്നും സംശയമാണ്. കോവിഡ് കാലത്തെന്നല്ല അല്ലാതെയും ലോകത്തിന് മാതൃകയായതാണ് ആരോഗ്യരംഗത്തെ കേരളമോഡല്‍. കോവിഡ് മഹാമാരിയെ നേരിടുന്നതിലും കേരളം ലോക ശ്രദ്ധ പിടിച്ചു പറ്റി. എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന വാര്‍ത്തകള്‍ ഒന്നിനു പിറകേ ഒന്നായി വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ആത്മഹത്യകള്‍ ഇന്ന് വലിയ പ്രതിഷേധമാണ് തലസ്ഥാനത്തുണ്ടാക്കിയത്. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള പാലക്കാട് ജില്ലയില്‍ ആരോഗ്യവിഭാഗത്തിനുണ്ടായത് ചെറിയ വീഴ്ചകളല്ല. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ വീണ്ടും ജോലിക്ക് നിയോഗിച്ചത് രോഗപടരാന്‍ കാരണമായി. ജൂണ്‍ ഒന്നു മുതല്‍ ഇന്നുവരെ പതിനൊന്നു ദിവസത്തിനിടെ സംസ്ഥാനത്ത് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത് 101പേര്‍ക്ക്. ഇതില്‍ 18  ആരോഗ്യപ്രവര്‍ത്തകര്‍. നഗരജനസംഖ്യ തുലോം കുറവുള്ള ഒരു സംസ്ഥാനത്താണ് ഇതെന്നുമോര്‍ക്കണം. തൃശൂരില്‍ ചുമട്ടു തൊഴിലാളികള്‍ക്കും വെയര്‍ഹൗസ് ജീവനക്കാര്‍ക്കും രോഗബാധയുണ്ടാകുന്നു എന്നത് ഒരു ചെറിയ സംസ്ഥാനത്തെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്.

കേരളത്തിലെ ആരോഗ്യമേഖല കിതയ്ക്കുന്നോ ? കൗണ്ടര്‍ പോയന്‍റിലേക്ക് സ്വാഗതം.