ആസൂത്രിത ക്രൂരതയുടെ പല മുഖങ്ങള്‍; ഉത്രയുടെ ദുര്‍വിധി പഠിപ്പിക്കുന്നതെന്ത്?

ഉത്ര എന്ന പെണ്‍കുട്ടി യാതനയുടെ കാലത്തിനൊടുവില്‍ ദുര്‍വിധിക്ക് കീഴടങ്ങിയപ്പോള്‍ കേട്ടവരാകെ ഞെട്ടി. വിഷപ്പാമ്പുകളെ നിരന്തരം ഉപയോഗിച്ച് ഒരാള്‍ ഭാര്യയോട് ഇങ്ങനെ ചെയ്യുമോയെന്നടക്കം അവിശ്വസനീയമായ പലതും. ഒരാഴ്ച പിന്നിടുമ്പോള്‍ പാമ്പ് എന്നതില്‍നിന്ന് മനുഷ്യന്റെ ആസൂത്രിത ക്രൂരതയുടെ പല മുഖങ്ങളാണ് വെളിവാകുന്നത്. 

ഭര്‍ത്താവ് സൂരജിന്റെ അച്ഛന്‍ അറസ്റ്റിലാകുന്നു. ഇന്നിതാ സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നു. കാണാതായ സ്വര്‍ണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കൊലപാതകക്കേസും വനിതാ കമ്മിഷന്‍ ഇടപെടലിനെ തുടര്‍ന്നുള്ള ഗാര്‍‍ഹിക പീഡനക്കേസുമാണ് മുന്നോട്ടുപോകുന്നത്. സൂരജിനൊപ്പം കുടുംബമാകെ ചേര്‍ന്നുള്ള ഗൂഢാലോചന എന്നതിന്റെ സൂചനകള്‍ ഈ ഘട്ടത്തിലുണ്ടോ? വലിയ സ്ത്രീധനം നല്‍കിയുള്ള വിവാഹം. അത് നിലനിര്‍ത്താനുള്ള വലിയ വിട്ടുവീഴ്ചകള്‍. ഉത്രമാര്‍ ഉണ്ടാകാതിരിക്കുക എളുപ്പമാണോ