നിർണായകഘട്ടത്തിൽ രാജ്യം, നമുക്ക് ഇപ്പോഴും അഹങ്കാരമോ?

സംസ്ഥാനത്ത് പന്ത്രണ്ടുപേര്‍ക്കുകൂടി കോവിഡ് 19. കാസര്‍കോട്ട് ആറുപേര്‍ക്ക്. കണ്ണൂരിലും എറണാകുളത്തും മൂന്നുപേര്‍ക്ക് വീതം. കേരളത്തില്‍ ആകെ രോഗബാധിതരുടെ എണ്ണം 52 ആയി. നിരീക്ഷത്തിലുള്ളവരുടെ എണ്ണം അരലക്ഷം പിന്നിട്ടു. അങ്ങനെ കോവിഡ‍് 19 നേരിടുന്നതില്‍ നിര്‍ണായകമായ ദിവസങ്ങളാണ് ഇത് നമുക്ക്. ഒന്നും രണ്ടും ഘട്ടം പിന്നിട്ട് സാമൂഹികവ്യാപനമെന്ന ആശങ്കാജനകമായ ഘട്ടത്തെ നമ്മുടെ സംസ്ഥാനവും രാജ്യവും എങ്ങനെയും നേരിടാനുള്ള ഒരുക്കത്തിലാണ്. രോഗവ്യാപനം തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനുള്ള ആഹ്വാനത്തില്‍നിന്ന് ഇന്നത് വീടുകളില്‍ത്തന്നെ ഇരിക്കുക എന്നതിലാണ്. നാളെ പതിനാല് മണിക്കൂര്‍ ജനതാ കര്‍ഫ്യൂ. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കാന്‍ കേരളവും തയാര്‍. പക്ഷെ ആശങ്കപ്പെടുത്തുന്ന പലതും ഈ ദിവസങ്ങളില്‍ പുറത്തുവരുന്നു. എനിക്ക് രോഗം വരില്ല എന്ന ആത്മവിശ്വാസത്തിലാകണം ആളുകള്‍ ഇപ്പോഴും ഉല്‍സവങ്ങളില്‍ പങ്കെടുക്കുന്നു. പള്ളികളില്‍ കൂട്ടമായി എത്തുന്നു. ഹോം ക്വാറന്റീന്‍ സീല്‍ പതിച്ച കൈകളുമായി ഓട്ടോയിലും ബസ്സിലും യാത്രചെയ്യുന്നു. കാസര്‍കോട്ടെ രോഗബാധിതന്‍ എവിടെയൊക്കെപ്പോയെന്ന വ്യക്തതപോലും അസാധ്യമാകുന്ന ഒരവസ്ഥ. ഇത് നമ്മളെയാരും ബാധിക്കാനുള്ളതല്ല എന്ന അഹങ്കാരം ഒരു വലിയ വിഭാഗത്തെ ഇപ്പോഴും പിടികൂടുന്നുണ്ടോ? അത് അവര്‍ക്ക് പുറത്തുള്ള ജനസമൂഹത്തെ എങ്ങനെയാണ് ബാധിക്കുക? ഈ നിര്‍ണായകഘട്ടത്തിലെ നമ്മുടെ പ്രതിരോധം ഈ സമയം ആവശ്യപ്പെടുന്ന രീതിയിലോ?