തകര്‍ന്നത് സമ്പാദ്യവും സ്വപ്നവും കൂടി; സ്ഫോടനം കയ്യേറ്റക്കാരുടെ കണ്ണുതുറപ്പിക്കുമോ ?

കായല്‍ കയ്യേറി നിര്‍മിച്ച മൂന്ന് കൂറ്റന്‍ കെട്ടിടങ്ങള്‍ കൊച്ചി മരടില്‍ നിമിഷനേരം കൊണ്ട് കോണ്‍ക്രീറ്റ് കൂനയായി.  കുറേ മനുഷ്യരുടെ ആയുഷ്കാലത്തെ മുഴുവൻ സമ്പാദ്യവും സ്വപ്നവുമാണ് ഇതോടൊപ്പം തകര്‍ന്നടിഞ്ഞത്. സാങ്കേതികവിദ്യ ബഹുദൂരം മുന്നോട്ടുപോയ ഈ കാലത്ത് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ നിയന്ത്രിത സ്ഫോടനങ്ങള്‍. നിർമാണങ്ങൾക്ക് കർശനനിയന്ത്രണമുള്ള തീരദേശ നിയന്ത്രണ മേഖലയില്‍ കെട്ടിപ്പൊക്കിയ ബഹുനില കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് കഴി‍്ഞ മെയ് 8 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 

നഗരപരിധിയില്‍ നിലനില്‍ക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമായി പൊളിച്ചുനീക്കുക അസംഭവ്യമെന്ന് ജനപ്രതിനിധികള്‍ പോലും തറപ്പിച്ചു പറഞ്ഞ​ു. പക്ഷേ തുടര്‍ അഭ്യര്‍ഥനകളൊന്നും ചെവിക്കൊള്ളാതിരുന്ന സുപ്രീംകോടതി നിലപാടില്‍ ഉറച്ചുനിന്നു. അതോടെ സര്‍ക്കാര്‍ നടപടികളിലേക്ക് കടന്നു. പൊതുഖജനാവില്‍ നിന്ന് കോടികളെടുത്ത് ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം കൊടുത്തു. കൂറ്റന്‍ കെട്ടിടങ്ങള്‍ വീണാല്‍ പരിസരത്തുണ്ടാകാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ആശങ്ക നീക്കാന്‍ പരിസരവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുറപ്പാക്കി.  ഖജനാവില്‍ നിന്നു തന്നെ 2 കോടിയോളം മുടക്കി ചട്ടവിരുദ്ധ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു. വിജയകരമായി പൂര്‍ത്തിയാക്കിയ മരട് സ്ഫോടനങ്ങള്‍ കയ്യേറ്റക്കാരുടെ കണ്ണുതുറപ്പിക്കുമോ ? മറ്റൊരു തദ്ദേശഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ അഴിമതിക്കാരെ പടിക്കുപുറത്തുനിര്‍ത്താന്‍ ജനം തയാറാകുമോ ?